സൂർ: ജനാധിപത്യത്തിെൻറ കോർപറേറ്റ്വത്കരണമാണ് ആധുനിക ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ചിന്തകനും സാംസ്കാരിക പ്രവർത്തകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ്. സൂറിലെ സാംസ്കാരിക പ്രവർത്തകർ നൽകിയ സ്വീകരണത്തിൽ ‘ജനാധിപത്യവും ജീവിതവും’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം കൂടുതൽ ലാഭമുണ്ടാക്കാനുള്ള വഴികളിലൊന്നാണെന്ന് കരുതുന്ന കോർപറേറ്റുകളുടെ നിലപാടുകളാണ് സമകാലിക പ്രശ്നങ്ങളുടെയൊക്കെ അടിസ്ഥാന കാരണമെന്ന് സൂക്ഷ്മ വിശകലനത്തിൽ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യം ജനങ്ങൾക്ക് സ്വാതന്ത്ര്യത്തോടെ ജീവിതം നയിക്കാനുള്ള സാഹചര്യമാണ്. മേലാളന്മാരുടെ തീട്ടൂരങ്ങളെ ഭയപ്പെടാതയും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യമാണ്.
അവിടെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനും കഴിക്കാതിരിക്കാനും വിശ്വാസിയാകാനും അവിശ്വാസിയാകാനും അവകാശമുണ്ട്. വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യയിൽ വിശ്വാസത്തിെൻറ പേരിൽ നഗ്നരായി നടക്കുന്ന സന്ന്യാസിമാരും ശരീരം മുഴുവൻ മറക്കുന്നവരുമുണ്ട്. ജീവിതവിരക്തിക്കായി ശ്മശാനങ്ങളിലെ പാതിവെന്ത മൃതദേഹങ്ങളും മലവും കഴിക്കുന്ന അഖോരികളുണ്ട്. അതൊന്നും ഒരു തരത്തിലും അംഗീകരിക്കാത്തവരുണ്ട്. ഇവർക്കൊക്കെ സ്വസ്ഥമായി ജീവിക്കാനും മറ്റുള്ളവരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതിരിക്കുന്ന അവസരമുണ്ടാകുമ്പോഴേ ജനാധിപത്യം സാർഥകമാകുകയുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു. സ്വീകരണ യോഗത്തിൽ എ.കെ സുനിൽ അധ്യക്ഷത വഹിച്ചു. കെ.ഇ. എന്നിന് മധു നമ്പ്യാർ ഉപഹാരം നൽകി. അജിത്ത് സ്വാഗതവും പ്രകാശ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.