മത്ര: കാസർകോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി അബ്ദുല്‍ ഖാദറിന്റെ (52) മരണവാര്‍ത്ത വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും.
അവധിക്ക് നാട്ടില്‍ പോയ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് മരിച്ചത്. ദീര്‍ഘകാലമായി മത്ര റെഡിമേഡ് ഹോള്‍സെയില്‍ സൂഖില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം അര്‍ബുദരോഗത്തോട് പൊരുതിയാണ് പ്രവാസജീവിതം നയിച്ചിരുന്നത്. തുടര്‍ചികിത്സക്കായി നാട്ടില്‍ പോയ ഖാദറിനെ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത്. റെഡിമേഡ് കടയിൽ സെയില്‍സ്മാനായി ജോലിചെയ്യുമ്പോൾതന്നെ ഗൾഫ് മാധ്യമം പത്രവിതരണ രംഗത്തും പ്രവർത്തിച്ചിരുന്നു. 12 വര്‍ഷമായി മാധ്യമം പത്രവിതരണ രംഗത്തുണ്ട്. ഒരു ദിവസം പോലും മുടങ്ങാതെ കൃത്യമായി വീട്ടുപടിക്കല്‍ പത്രം എത്തിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു.
ദീര്‍ഘകാലമായി മത്ര സൂഖിലുള്ള ഖാദറിന് വിവിധ ദേശക്കാരായ ഒട്ടേറെ സൗഹൃദവലയങ്ങളുള്ള വ്യക്തിയാണ്. എല്ലാവരുമായും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന പ്രകൃതക്കാരനായതിനാല്‍ അപ്രതീക്ഷിതമായി കേട്ട മരണവാര്‍ത്ത വിശ്വസിക്കാനാവുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പെരുന്നാളിന് നാട്ടില്‍ പോകാനായി ഈ മാസം 28ന് ടിക്കറ്റ് ബുക്ക് ചെയ്തതായിരുന്നു. ചികിത്സയുടെ ഭാഗമായി അത് 18ലേക്ക് മാറ്റി ഒരാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. പരേതനായ അബ്ദുല്ല മുഹമ്മദ് കുഞ്ഞി-മറിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: യാസ്മിൻ. മക്കൾ: നഹല, നബീല, മാസിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.