മസ്കത്ത്: പ്രകൃതിക്കും മനസിനും കുളിരുപകർന്ന് ദോഫാർ ഗവർണറേറ്റിൽ ഖരീഫ് കാലത്തിന് തുടക്കമായി. ഇന്ന് മുതൽ സെപ്റ്റംബർ 21 വരെ നീളുന്ന ഖരീഫ് മഴക്കാലം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ദോഫാറിലെത്തുക. രാജ്യത്തുനിന്നും പുറത്തുനിന്നുമായി ദോഫാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരിക്കും ഈ വർഷം സാക്ഷ്യം വഹിക്കുക. ജി.സി.സി രാജ്യങ്ങളിൽനിന്നാകും ഇത്തവണയും കൂടുതലാളുകളെത്തുക.
ഖരീഫിന്റെ വരവറിയിച്ച് സലാലയിലും ജബൽ പ്രദേശങ്ങളിൽ ദിവസങ്ങൾക്കു മുമ്പുതന്നെ മഴ പെയ്തു തുടങ്ങിയിട്ടുണ്ട്. സലാലയടക്കമുള്ള നഗരങ്ങളിൽ കുറച്ചുദിവസമായി മൂടികെട്ടിയ അന്തരീക്ഷമാണുള്ളത്. അതേസമയം, നഗര പ്രദേശങ്ങളിൽ നല്ല ചൂടാണനുഭവപ്പെടുന്നത്. എന്നാൽ വരും ദിവസങ്ങളിൽ ഇവിടയും മഴയെത്തും. ഇതോട സലാലയടക്കമുള്ള പ്രദേശങ്ങളുടെ മനസിലും കുളിരുപടർത്തും. മഴ കനക്കുന്നതോടെ മലനിരകളും താഴ്വാരങ്ങളും പച്ചപുതക്കും.
പച്ചപ്പിനൊപ്പം വെള്ളച്ചാട്ടങ്ങളും രൂപം കൊള്ളും. സുൽത്താനേറ്റിന്റെ മറ്റു ഭാഗങ്ങളും ഇതര ഗൾഫ് നാടുകളും വേനൽ ചൂടിൽ വെന്തുരുകുമ്പോഴാണ് പ്രകൃതിയുടെ വരദാനമെന്നവണ്ണം സലാലയിൽ കുളിരണിയിച്ച് മഴയെത്തുക. പ്രകൃതിക്കു മാത്രം വശമുള്ള വിരുതാണിത്. മനം നിറയെ പുതുമഴ ആസ്വദിക്കാനും ചാറ്റൽമഴയിലലിഞ്ഞ് സ്വയം മറക്കാനും സ്വദേശികളായ നിരവധിപേർ ജബലുകൾ കയറും. ഇടവേളകളില്ലാതെ ചന്നം പിന്നം പെയ്യുന്ന മഴ ഗൾഫ് നാടുകളിൽ സലാലക്ക് മാത്രമാണ് സ്വന്തം.
സീസണിന്റെ തുടക്കത്തിൽ സലാലയോടു ചേർന്ന മലനിരകളെ കുളിരണിയിക്കുന്ന ചാറ്റൽ മഴ പിന്നീട് പ്രദേശമാകെ പടരും. മഴത്തുള്ളികൾ മണ്ണിൽ പതിയുന്നതോടെയാണ് വേനലിൽ ഉണങ്ങി വരണ്ട് കിടന്ന മലനിരകളിൽ ജീവന്റെ പുൽക്കൊടികൾ ദൃശ്യമാവുക.
മഴ കനക്കുന്നതോടെ വെള്ളച്ചാട്ടങ്ങളുടെ അഴക് വർധിക്കും. ഖരീഫ് സീസണിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ വിവിധ ക്രമീകരണങ്ങളാണ് റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്. വാഹനാപകടങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ട് സലാലയിലേക്കുള്ള റോഡുകളിൽ പട്രോളിങും പരിശോധനകളും ഏർപ്പെടുത്തും. അതേസമയം, ഖരീഫ് സീസണിനോടനുബന്ധിച്ച ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന സലാല ടൂറിസം ഫെസ്റ്റിവെലിന്റെ ആഘോഷ പരിപാടികൾക്ക് കഴിഞ്ഞ ദിവസം തുടക്കമായിട്ടുണ്ട്. പതിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ 90 ദിവസങ്ങളിലായാണ് പരിപാടികൾ നടക്കുക. ഇതിലൂടെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകുമെന്നാണ് സംഘാടകർ കണക്കുകൂട്ടുന്നത്. കഴിഞ്ഞവർഷം ഏകദേശം 9,62,000 ആളുകളാണ് ദോഫാറിന്റെ പച്ചപ്പും തണുപ്പും ആസ്വദിക്കാനായെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.