മസ്കത്ത്: ദോഫാറിലെ ഖരീഫ് വേളയിൽ വാണിജ്യ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒമാനികളല്ലാത്തവർക്ക് താൽക്കാലിക വർക്ക് പെർമിറ്റ് അനുവദിക്കുമെന്ന് തൊഴിൽ മന്ത്രാലയം (എം.ഒ.എൽ) അറിയിച്ചു. ഈ നടപടികളിലൂടെ തൊഴിലുടമകളെ സഹായിക്കുകയും തൊഴിൽ വിപണിയെ നിയന്ത്രിക്കുകയും ചെയ്യും. ലംഘനങ്ങളും പിഴകളും ഒഴിവാക്കി എല്ലാവർക്കും സുരക്ഷിതവും ഉൽപാദനക്ഷമയുമായ സീസണും പ്രദാനം ചെയ്യുകയാണ് അധികൃതർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം, ഈ വർഷത്തെ ഖരീഫ് സീസണിന്റെ ഭാഗമായി നടക്കുന്ന വൈവിധ്യമാർന്ന ടൂറിസം ഫെസ്റ്റിവൽ പരിപാടികൾ ദോഫാർ ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ പുരോഗമിക്കുകയാണ്.
സാംസ്കാരിക, വാണിജ്യ, വിനോദ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകികൊണ്ട് വിവിധ സ്ഥലങ്ങളിൽ ആഘോഷിക്കുന്നത്. സലാലയിലെ സംസ്കാരത്തിനും വിനോദത്തിനും വേണ്ടിയുള്ള പരിപാടികൾ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സിലും നടക്കും. കായികം, വിനോദം, എന്നിവയിലുടനീളമുള്ള പുതിയതും വൈവിധ്യമാർന്നതുമായ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ യുവാക്കൾക്ക് അവസരമുണ്ടാകുമെന്ന് ദോഫാർ മുനിസിപ്പാലിറ്റിയിലെ ഇവന്റ്സ് ആൻഡ് അവയർനസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അമ്മാർ ബിൻ ഉബൈദ് ഗവാസ് പറഞ്ഞു.
ഇത്തിൻ സ്ക്വകയറിൽ നിരവധി അന്താരാഷ്ട്ര പ്രകടനങ്ങൾ പ്രദർശിപ്പിക്കുന്ന തിയേറ്ററർ ഒരുക്കിയിട്ടുണ്ട്, മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായ പുതിയ ഗെയിമുകളുടെ ഒരു ശ്രേണിതന്നെ ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ലൈറ്റിങ് ഷോകൾ, ലേസർ ഫൗണ്ടൻ ഷോകൾ, ഡ്രോൺ ഷോകൾ എന്നിവയും ആസ്വദിക്കാം.
ദിവസങ്ങൾക്കുമുമ്പുവരെ സലാലയടക്കമുള്ള നഗര പ്രദേശങ്ങൾ കനത്ത ചൂടായിരുന്നു അനുഭവപ്പെട്ടിരുന്നത്. കഴിഞ്ഞദിവസങ്ങളിൽ മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇതോടെ വരും ദിവസങ്ങളിൽ സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി ധാരാളം വിനോദ സഞ്ചാരികൾ സലാലയിലേക്ക് ഒഴുകും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.