മസ്കത്ത്: ലബനാനിലും ഗസ്സയിലും ചെങ്കടൽ മേഖലകളിലും അടിയന്തരമായി വെടിനിർത്തണമെന്ന് ഒമാൻ. ന്യൂയോർക്കിൽ നടന്ന യു.എൻ പൊതുസഭയുടെ 79ാമത് സെഷനിൽ സംസാരിക്കവേ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഫലസ്തീൻ പ്രദേശങ്ങളിലെ അനധികൃത ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ച് സംഘർഷങ്ങൾ പരിഹരിക്കണം.
1967ലെ അതിർത്തിയുടെ അടിസ്ഥാനത്തിൽ കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം. ഫലസ്തീന് ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വം നൽകണമെന്നും ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ അധിനിവേശസേന നടത്തുന്ന വംശഹത്യ നയങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഒമാൻ ഊന്നിപ്പറഞ്ഞു.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിൽ ഐക്യരാഷ്ട്രസഭക്ക് ഒമാൻ പൂർണ പിന്തുണ നൽകുകയാണ്. വികസനത്തിനും മാന്യവും സമൃദ്ധവുമായ ജീവിതത്തിനും ഐക്യരാഷ്ട്രസഭയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് യു.എൻ ചാർട്ടറിനോടുള്ള ഒമാന്റെ പ്രതിബദ്ധത ബദർ വ്യക്തമാക്കി. എല്ലാ വെല്ലുവിളികളെയും പ്രശ്നങ്ങളെയും അഭിമുഖീകരിക്കുന്നതിനായി സംഭാഷണവും സഹിഷ്ണുതയും ഉൾക്കൊള്ളുന്ന ഉറച്ച കാഴ്ചപ്പാടിലാണ് ഒമാന്റെ വിദേശനയം സ്ഥാപിച്ചിരിക്കുന്നത്. ഇത് സമാധാനം കൈവരിക്കാനും പരസ്പര ബഹുമാനം, നല്ല സഹകരണം, രാഷ്ട്രങ്ങൾ തമ്മിലെ ഐക്യം എന്നിവയിൽ അധിഷ്ഠിതമായ ബന്ധം കെട്ടിപ്പടുക്കാനും ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘട്ടനങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് നിയമാനുസൃതവും സമാധാനപരവുമായ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് ഒമാൻ നേതൃത്വവും സർക്കാറും ജനങ്ങളും വിശ്വസിക്കുന്നത്.
പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും മാനിച്ച് സംഭാഷണങ്ങൾ, അന്താരാഷ്ട്ര നിയമങ്ങൾ, ഐക്യരാഷ്ട്രസഭ ചാർട്ടർ, അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങൾ എന്നിവ പാലിച്ച് സംഘർഷം കുറക്കുന്നതിനും രക്തച്ചൊരിച്ചിൽ തടയുന്നതിനുമുള്ള ശ്രമങ്ങൾ തീവ്രമാക്കേണ്ടിയിരിക്കുന്നു. സാമൂഹിക ഇൻഷുറൻസ്, തൊഴിൽ സുരക്ഷ പദ്ധതികൾ എന്നിവക്ക് പുറമേ സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, വികലാംഗർ എന്നിവരുൾപ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പിന്തുണക്കുന്ന സമഗ്ര സംവിധാനത്തിലൂടെ ഒമാൻ അതിന്റെ സാമൂഹിക സംരക്ഷണ പരിപാടികളുമായി മുന്നോട്ട് പോകുകയാണ്. സുസ്ഥിര വികസനത്തിൽ ഒമാൻ കൈവരിച്ച പുരോഗതിയും സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പരിചരണം എന്നിവ തുടർന്നും നൽകി ഈ പരിപാടികൾ വികസിപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഭാവിയുടെ വികസനത്തിന്റെ താക്കോലായി ഞങ്ങൾ കരുതുന്ന യുവാക്കളെ പിന്തുണക്കുന്നതിനും ശാക്തീകരിക്കുന്നതിനും രാഷ്ട്രം പ്രതിജ്ഞാബദ്ധമാണ്. നവീകരണത്തിനും വളർച്ചക്കും പുരോഗതിക്കും പിന്നിലെ ചാലകശക്തി യുവാക്കളാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
കൂടാതെ അവരുടെ കഴിവുകൾ പ്രയോഗിക്കാനും ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിന് ഫലപ്രദമായി സംഭാവന നൽകാനും അവരെ പ്രാപ്തരാക്കുന്ന അവസരങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്. കാലാവസ്ഥ വ്യതിയാന വെല്ലുവിളികൾ നേരിടുന്നതിനും പുനരുപയോഗ ഊർജ പദ്ധതികളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ഒമാൻ കാര്യമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും സയ്യിദ് ബദർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.