‘നാനാത്വത്തിൽ ഏകത്വം’ നീണാൾ വാഴട്ടെ


നമ്മുടെ രാജ്യം മനോഹരമാവുന്നത് അതിന്റെ ബഹുസ്വരതയിലൂടെയാണ്. ‘നാനാത്വത്തിൽ ഏകത്വം’ എന്നത് നമ്മുടെ ശക്തമായ മുദ്രാവാക്യമാണ്. നാനാ ജാതി മതങ്ങൾ, ജാതികൾ, ഉപജാതികൾ, വിവിധങ്ങളായ നിരവധി സംസ്കാരങ്ങൾ എന്നിവയുടെയും സംഗമവേദി കൂടിയാണ് ഇന്ത്യ. മനോഹരമായ ഒരു മലർവാടിയിൽ വിരിഞ്ഞു നിൽക്കുന്ന സുന്ദരമായ പുഷ്പങ്ങളാണ് ഇവിടെയുള്ള ഓരോ മനുഷ്യനും. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത് ഏകത്വവും സാഹോദര്യവുമാണ്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന എല്ലാ ഉച്ചനീചത്വങ്ങളെയും അസമത്വത്തെയും സ്വാതന്ത്ര്യ ലബ്ദിയോടെ നാം നിഷ്‌കാസനം ചെയ്യുകയും ഭരണഘടനയിൽ അഖണ്ഡതയും സമത്വവും എഴുതിവെക്കുകയും ചെയ്തു. പന്തിഭോജനവും, അയിത്തോച്ചാടന സമരവും, വില്ലുവണ്ടിയുമൊക്കെ ഇവിടെ അരങ്ങേറിയ അവകാശ സംരക്ഷണ പോരാട്ട ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളാണ്.

രാജ്യം 75ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. നമ്മൾ ആഘോഷിക്കുന്ന ഓരോ റിപ്പബ്ലിക് ദിനവും രാജ്യത്തിന്റെ മതനിരപേക്ഷതയെയും ബഹുസ്വരതയെയും കരുത്തുറ്റതാക്കുവാനും പരിപോഷിപ്പിക്കുവാനുമുതകുന്ന പ്രതിജ്ഞയും പുനസമർപ്പണവും പുതുക്കുന്നതിന് വേണ്ടിയുള്ളതായിരിക്കണം. റിപ്പബ്ലിക് ദിനത്തിൽ പലരും ഉദ്ധരിക്കുന്ന മഹാത്മാഗാന്ധിയുടെ ഒരു വാചകമുണ്ട്. ‘ഒരു ജനാധിപത്യവാദി തികച്ചും നിസ്വാർത്ഥനായിരിക്കണം. തന്റെയോ തന്റെ കക്ഷിയുടെയോ പേരിലല്ല, ജനാധിപത്യത്തിന്റെ വഴിയിലൂടെ മാത്രമേ അയാൾ ചിന്തിക്കാനോ പ്രവർത്തിക്കാനോ സ്വപ്നം കാണുവാൻ പോലുമോ പാടുള്ളൂ.’’

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്ക് ആണ് ഇന്ത്യ. ഭരണഘടന നിലവിൽ വന്നതോടെയാണ് നമ്മുടെ രാജ്യം സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക് ആയി മാറിയത്. എഴുതിയുണ്ടാക്കപ്പെട്ടതില്‍ വച്ച് ഏറ്റവും ബൃഹത്തായ ഭരണഘടനയാണ് നമ്മുടേത്. ഒരു രാജ്യത്തുള്ള മുഴുവൻ മനുഷ്യരുടെയും പൊതുസ്വത്താണ്, രാജ്യം എന്ന തത്വചിന്തയാണ് റിപ്പബ്ലിക്ക് മുന്നോട്ടു വക്കുന്നത്. ഭരണഘടനയാണ് രാജ്യത്തിന്റെ അടിസ്ഥാനം. അതിൽ നിന്നാണ് ഭരിക്കുന്നവർ അവകാശം നേടുന്നതും തങ്ങളുടെ നിലപാടുകൾക്ക് സാധൂകരണം കണ്ടെത്തേണ്ടതും. അതുകൊണ്ടു തന്നെ ഭരണഘടന ഉയർത്തിപ്പിടിക്കാൻ ഏറ്റവും കൂടുതൽ ബാധ്യസ്ഥർ അധികാരികൾ തന്നെയാണ്. ബ്രിട്ടൻ, കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ ലോകത്തെ പല ജനാധിപത്യ രാജ്യങ്ങൾ ഉൾ​െപ്പടെ ഇപ്പോഴും റിപ്പബ്ലിക്ക് അല്ല എന്ന് കൂടി കൂട്ടത്തിൽ നമ്മൾ ഓർമ്മിക്കണം.

നമ്മുടെ പൂർവികർ അവരുടെ രക്തവും, ജീവനും നൽകി നേടിയെടുത്ത സ്വാതന്ത്ര്യം കൈമോശം വരാതിരിക്കാനുള്ള ടൂൾ കൂടിയാണ് ഭരണഘടന. സ്വാതന്ത്ര്യം എന്നത് നമുക്കും നമ്മുടെ പൂർവികർക്കും വലിയൊരു കിനാവായിരുന്നു. ‘തൊട്ടുതൊട്ടില്ലെന്നായ സമസുന്ദര ലോകം/ദൃഷ്ടിയില്‍ നില്‍പ്പൂ ദൂരെ ഗന്ധര്‍വപുരി പോലെ’എന്ന് വൈലോപ്പിള്ളി പറഞ്ഞത് ഈയൊരു സ്വപ്നത്തെ കുറിച്ചായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും സുപ്രധാനമായ ഭാഗമാണ് അതിന്റെ ആമുഖം. ഇതിൽ പറഞ്ഞിരിക്കുന്ന ആശയങ്ങള്‍ നെഹ്റു അവതരിപ്പിച്ചതാണ്. അതിലാണ് ഇന്ത്യയെ പരമാധികാര, സോഷ്യലിസ്റ്റ്, മതേതരത്വ, ജനാധിപത്യ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചത്.

റിപ്പബ്‌ളിക് ദിനം എന്നത് വെറും സൈന്യം നടത്തുന്ന മാർച്ചു പാസ്റ്റിന്റെയോ, പൊലീസ് പരേഡിന്റെയോ, ദേശീയപതാക ഉയര്‍ത്തലിന്റെയോ മറ്റിതര കെട്ടുകാഴ്ചകളുടെയോ പ്രശ്‌നമല്ല. 1947-ല്‍ നാം നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ കണക്കെടുപ്പിനുള്ള അവസരം കൂടിയാണ്. ഈ സന്ദർഭത്തിൽ ചില ചോദ്യങ്ങൾ രാജ്യത്തെ ഏതൊരു പൗരനും ഉറക്കെ ചോദിക്കേണ്ടതുണ്ട്. നിലവിൽ ആരുടെ കൈകളിലാണ് നമ്മുടെ രാജ്യത്തിന്റെ പരമാധികാരം? ജനങ്ങളുടെ കൈകളിലോ? ഭരണകൂടത്തിന്റെ കൈകളിലോ? അതോ സമ്പന്നവര്‍ഗ്ഗത്തിന്റെ കൈകളിലോ? അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ വോട്ട് ചെയ്യുന്നതിനപ്പുറം ജനങ്ങള്‍ക്ക് എന്ത് പങ്കാളിത്തമാണ് ഭരണത്തില്‍ ഉള്ളത്? പലപ്പോഴും ഇത്തരം ചോദ്യങ്ങൾ പലരും ചോദിക്കാറുണ്ടെങ്കിലും കൃത്യമായ മറുപടികൾ ലഭിക്കാറില്ല.

സാമൂഹിക - സാമ്പത്തിക - രാഷ്ട്രീയ മാറ്റങ്ങളുടെ ചാലകശക്തികളാവേണ്ട ഇന്ത്യൻ രാഷ്ട്രീയം പ്രത്യയശാസ്ത്രപരമായ അരാജകത്വത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രസേവനം എന്നതിനപ്പുറം സ്വന്തം താല്പര്യത്തിനു വേണ്ടിയും നേട്ടത്തിന് വേണ്ടിയുമാണ് രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഒരു കാലത്ത് ഏതൊരു അധസ്ഥിതന്റെ ഉന്നതിക്ക് വേണ്ടിയാണോ പൂർവികർ സമരം ചെയ്‌തത്‌ ഇന്ന് അതേ ദലിതുകളും ആദിവാസികളും മറ്റിതര ന്യൂനപക്ഷങ്ങളും കടുത്ത വിവേചനത്തിനും അവഗണനക്കും വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യാനന്തര ഏഴര പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും ഇന്നും അവർക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരാൻ സാധിച്ചിട്ടില്ല. മാറി മാറി വരുന്ന സർക്കാറുകൾ തെരഞ്ഞടുപ്പ് പ്രചാരണ സമയത്ത് ഇവരുടെ ഉന്നമനത്തിനും വികസനത്തിനും വേണ്ടി നിരവധി വാഗ്‌ദാനങ്ങൾ പ്രഖ്യാപിക്കുമെങ്കിലും അധികാരത്തിന്റെ അരമനകളിലെത്തിക്കഴിയുമ്പോൾ സൗകര്യപൂർവ്വം ഇവരെയും മറക്കാറാണ് പതിവ്. ന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തിനും അവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനും വേണ്ടി നമ്മുടെ സർക്കാരുകൾ പേരിനെങ്കിലും ചില പദ്ധതികൾ ആവിഷ്കരിക്കാറുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയും ജാതിചിന്തയും കാരണം അതൊന്നും കൃത്യമായി നടപ്പാക്കപ്പെടാറില്ല.

നവ ബ്രാഹ്മണിക്കൽ ചിന്തകളുടെ വക്താക്കളായ ഫാഷിസം രംഗം കൈയടക്കുന്ന ഈ കാലത്ത് ന്യൂനപക്ഷങ്ങൾ ഭീകരമായ വിവേചനത്തിനും പാർശ്വവൽക്കരണത്തിനുമാണ് ഇരയായിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കാനുള്ള സമര പോരാട്ടങ്ങളിലും രാജ്യപുരോഗതിയുടെയും വികസനത്തിന്റെയും മേഖലയിൽ അതുല്യമായ സംഭാവനകൾ നൽകുന്നതിലും പിന്നാക്ക വിഭാഗങ്ങളും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. നമ്മുടെ ചരിത്രം തന്നെ തിരുത്തിയെഴുതിക്കൊണ്ടിരിക്കുകയാണ് ഫാഷിസത്തിന്റെ കുഴലൂത്തുകാരായ അഭിനവ ഗീബൽസുമാർ. കുരുന്നുകളുടെ മനസുകളിൽ വെറുപ്പിന്റെയും വിവേചനത്തിന്റെയും വിത്തുകൾ പാകാൻ ബോധപൂർവമായ ശ്രമങ്ങൾ ആണ് നടന്നു കൊണ്ടിരിക്കുന്നത്. അഹിംസയാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പരമമായ മൂല്യം എന്നാണ് മഹാഭാരതം ശാന്തിപര്‍വത്തില്‍ പറയുന്നത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹം ഇന്ന് കൂടുതല്‍ സംഘര്‍ഷഭരിതമായിക്കൊണ്ടിരിക്കുന്നു. ന്യൂനപക്ഷങ്ങളുടെ സ്വത്തിനും ജീവനും ഇന്ന് വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. തെരുവുകളിൽ ജനക്കൂട്ടം ഫാഷിസത്തിന്റെ കാടൻ നീതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷ ദലിത് വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വളരെ സംഘടിതമായി നടക്കുന്നു എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുർബ്ബലമാക്കാൻ നടത്തുന്ന ശ്രമങ്ങളാണ് എങ്ങും നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇവിടെയാണ് നമ്മൾ ഡോ. ബി.ആർ.അംബേദ്കർ 1949 നവംബർ 25നു നടത്തിയ തന്റെ അവസാനത്തെ പ്രസംഗത്തെക്കുറിച്ച് ആലോചിച്ചു പോകുന്നത്. വല്ലാത്തൊരു പ്രവചന സ്വാഭാവം കൂടി ആപ്രസംഗത്തിനുണ്ടായിരുന്നു. ‘ഒരിക്കൽ നഷ്ടപ്പെട്ട സ്വാതന്ത്ര്യം ഇന്ത്യ തിരിച്ചുപിടിച്ചു. അതു നിലനിർത്താൻ നമുക്കു കഴിയുമോ? അതോ വീണ്ടും നഷ്ടപ്പെടുത്തുമോ? ഭാവി ഓർക്കുമ്പോൾ ഏറ്റവും ആശങ്ക ഉയർത്തുന്ന ചോദ്യം അതാണ്’ ഇതായിരുന്നു അദ്ദേഹം ആ പ്രസംഗത്തിൽ പറഞ്ഞുവെച്ചത്. എന്തൊരു നിരീക്ഷണം ആയിരുന്നു അദ്ദേഹത്തിന്റേത്.

രാജ്യം നേടിയെടുത്ത പല പുരോഗതിയും ഇതോടൊപ്പം നാം വിസ്മരിക്കരുത്. സാമ്പത്തിക, സൈനിക, നയതന്ത്ര, ശാസ്‌ത്രസാങ്കേതിക മേഖലകളിൽ നാം കൈവരിച്ച നേട്ടങ്ങൾ ഏറെ അസൂയാർഹമാണ്. ഇതിൽ പല രംഗത്തും നാം മറ്റു ലോകരാജ്യങ്ങൾക്ക് മാതൃകയാണ്. പല അന്താരാഷ്‌ട്ര കൂട്ടായ്മകളുടെയും ഏജൻസികളുടെയും നേതൃപദവി നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് ഈ നേട്ടങ്ങളുടെ ഫലം കൊണ്ട് തന്നെയാണ്. ഭക്ഷ്യ സുരക്ഷാ മേഖലയിലും നാം കൈവരിച്ച നേട്ടം ഏറെ വലുതാണ്. ജവഹർ ലാൽ നെഹ്‌റു, ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി തുടങ്ങിയവരുടെ ദീർഘവീക്ഷണത്തോടെയുള്ള ഭരണനേട്ടമായി ഇതിനെ കാണാൻ സാധിക്കും. എന്നാൽ വിദ്യാഭ്യാസ മേഖലയിൽ ഇപ്പോഴും നമുക്ക് വല്ലാതെയൊന്നും മുന്നേറാൻ സാധിച്ചിട്ടില്ല.

ഇന്ത്യയുടെ പല ഗ്രാമങ്ങളിലും കുട്ടികൾ നിരക്ഷരരായിക്കൊണ്ടാണ് ഇന്നും വളർന്നു വരുന്നത്. സ്‌ത്രീകൾ നേടിയെടുത്ത നേട്ടങ്ങളും അവർ കൈവരിച്ച പുരോഗതിയും ഏറെ പ്രധാന്യപൂർവം തന്നെ പറയേണ്ടതാണ്. ചരിത്രപരമായ പല കാരണങ്ങളാൽ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും പിന്തള്ളപ്പെട്ടുപോയവരാണ് ഇവിടെയുള്ള ന്യൂനപക്ഷങ്ങൾ. അവരുടെ ഉന്നമനത്തിനും വികാസത്തിനും വേണ്ടിയുള്ളതായിരുന്നു വിവിധ മേഖലകളിലുള്ള സംവരണസംവിധാനം. എന്നാൽ ഇപ്പോഴും സംവരണം അട്ടിമറിക്കപ്പെടുന്ന തീരുമാനങ്ങളും നിലപാടുകളുമാണ് സർക്കാരുകൾ കൈക്കൊള്ളുന്നത്. കേരളത്തിൽ രാഷ്ടീയ–ഭരണ നേതൃത്വം കൈയാളുകയും നയരൂപീകരണം നടത്തുകയും ചെയ്യുന്ന ഇടത് - വലതുപക്ഷ സമിതികളിൽ പലപ്പോഴും വനിതാ പ്രാധിനിത്യം ഉണ്ടാവാറില്ല എന്നത് എന്ത് മാത്രം വിരോധാഭാസമാണ്.

'ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍, ജയ് അനുസന്ധാന്‍' ഭരണാധികാരികൾ മുന്നോട്ട് വെക്കുന്ന ഈ മുദ്രാവാക്യം ​പ്രയോഗവത്കരിക്കപ്പെട്ടാൽ രാജ്യത്തിന് ഇനിയും ഏറെ മുന്നോട്ട് സഞ്ചരിക്കാൻ സാധിക്കും. അതോടൊപ്പം ഓരോ പൗരന്മാരുടെയും മനസ്സുകളിൽ വെറുപ്പിന് പകരം സ്നേഹവും സാഹോദര്യവും നിറക്കാനുംകൂടി കഴിയണം.

Tags:    
News Summary - Long live 'unity in diversity'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.