മസ്കത്ത്: വിദേശനിക്ഷേപകർക്ക് ദീർഘകാല താമസാനുമതി നൽകുന്നതിനുള്ള പദ്ധതി സെപ്റ്റംബറിൽ നിലവിൽവരുമെന്ന് വ്യവസായ-വാണിജ്യ നിക്ഷേപക പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. അഞ്ച്, 10 വർഷ കാലയളവിലുള്ള വിസകളാണ് പദ്ധതിക്ക് കീഴിൽ നൽകുക. വ്യവസായ-വാണിജ്യമന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസുഫിെൻറ അധ്യക്ഷതയിൽ നടന്ന മന്ത്രാലയത്തിെൻറ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ച് റിയൽ എസ്റ്റേറ്റ്, വാണിജ്യ നിക്ഷേപ വിഭാഗങ്ങളിലാണ് വിസകൾ നൽകുക. വിദേശനിക്ഷേപം കൂടുതലായി ആകർഷിക്കുന്നതിന് ഒപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വളർച്ച വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് മന്ത്രാലയം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ടൂറിസം, ഖനനം, ലോജിസ്റ്റിക്സ്, അഗ്രികൾച്ചർ, ഫിഷറീസ്, ഇൻഡസ്ട്രീസ്, വിദ്യാഭ്യാസം, ആരോഗ്യം, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ മേഖലകളിലേക്ക് നിക്ഷേപം ആകർഷിക്കുകയാണ് ദീർഘകാല താമസാനുമതി വഴി ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ നടപടിക്രമങ്ങൾ പൂർത്തിയായിവരുകയാണെന്ന് വ്യവസായ വാണിജ്യമന്ത്രാലയം അറിയിച്ചു. സെപ്റ്റംബറോടെ മന്ത്രാലയത്തിന് കീഴിലുള്ള നിക്ഷേപക സേവനകേന്ദ്രത്തിൽ ഓൺലൈനായി പദ്ധതിക്ക് വേണ്ടി അപേക്ഷിക്കാൻ സാധിക്കും.
കഴിഞ്ഞ മാർച്ചിൽ സുൽത്താെൻറ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭ കൗൺസിൽ യോഗമാണ് നിക്ഷേപകർക്ക് ദീർഘകാല താമസാനുമതി നൽകാനുള്ള തീരുമാനമെടുത്തത്. ഒമാൻ വിഷൻ 2040െൻറ ഭാഗമായുള്ള സാമ്പത്തിക വൈവിധ്യവത്കരണമാണ് പദ്ധതിയുടെ ലക്ഷ്യം. ബിസിനസ് തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ ഏകീകരിക്കൽ, നിലവാരമുള്ള ഡിജിറ്റൽ സേവനങ്ങൾ ഏർപ്പെടുത്തൽ, വ്യവസായമേഖലകളിലെ വാടക കുറക്കൽ തുടങ്ങി കോവിഡ് സാഹചര്യത്തിൽ രാജ്യത്തെ ബിസിനസ് ആകർഷകമാക്കുന്നതിനുള്ള നടപടികളും സർക്കാർ കൈക്കൊണ്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.