മസ്കത്ത്: മഞ്ഞപ്പട ഒമാൻ വിങ് സംഘടിപ്പിച്ച സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ മഞ്ഞപ്പട ഒമാൻ എഫ്.സി ജേതാക്കളായി. ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് യുനൈറ്റഡ് കാർഗോ എഫ്.സിയെയാണ് പരാജയപ്പെടുത്തിയത്. ഫൈനലിലെ രണ്ടു ഗോളുകളും മഞ്ഞപ്പടക്കുവേണ്ടി നേടിയ മഹദ് ഫൈനലിലെയും ടൂർണമെന്റിലെയും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
മൂന്നാം സ്ഥാനം ജി.എഫ്.സിയും, നാലാം സ്ഥാനം യുനൈറ്റഡ് കേരള എഫസ്.സിയും സ്വന്തമാക്കി. ടൂർണമെന്റിലെ ടോപ് സ്കോറർ ആയി ജി.എഫ്.സിയുടെ ഹഫ്സലും ഗോൾ കീപ്പറായി മഞ്ഞപ്പടയുടെ അക്ഷയും മികച്ച ഡിഫൻഡറായി യുനൈറ്റഡ് കാർഗോ എഫ്.സിയുടെ സർജാസിനെയും തിരഞ്ഞെടുത്തു. വ്യക്തിഗത മികവ് പുലർത്തിയവർക്ക് ട്രോഫികൾക്കൊപ്പം സമ്മാനങ്ങളും നൽകി ആദരിച്ചു.
മബേല മാൾ ഓഫ് മസ്കത്തിനടുത്തുള്ള അൽഷാദി ഗ്രൗണ്ടിൽ 16 പ്രവാസി ടീമുകളെ പങ്കെടുപ്പിച്ചു നടന്ന ഫുട്ബാൾ ടൂർണമെന്റിലും അതിനോടനുബന്ധിച്ചു നടന്ന വിവിധ മത്സരങ്ങളിലും സ്ത്രീകളും കുട്ടികളും അടക്കം കാണികളായി നിരവധിപേർ എത്തിയിരുന്നു.
ചിത്രകലയിലെ കഴിവുകളിൽ ഗിന്നസ്സ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ സുനിൽ മോഹൻ, അലിയാ സിയാദ്, കോഴിക്കോട് നടന്ന ഗ്ലോബൽ മാസ്റ്റേഴ്സ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ടീമിലെ ഒമാനിൽനിന്നുള്ള കളിക്കാരായ ഷാനവാസ് മജീദ്, സുജേഷ്, സന്ദീപ് എന്നീ വെറ്ററൻ കളിക്കാരെയും ചടങ്ങിൽ ആദരിച്ചു.
മുഖ്യ സ്പോൺസർമാരായ ഫ്രണ്ടി മൊബൈൽ, യൂണിമോണി എക്സ്ചേഞ്ച്, കൂൾപ്ലക്സ് ഒമാൻ, കെ.വി ഗ്രൂപ് മുതലായവരുടെ പ്രതിനിധികളും സമ്മാനദാനച്ചടങ്ങിൽ സംബന്ധിച്ചു. ടൂർണമെന്റിൽ സഹകരിച്ച സ്പോൺസർമാർക്കും പങ്കെടുത്ത ടീമിലെ കളിക്കാർക്കും മാനേജ്മെന്റ്റുകൾക്കും മഞ്ഞപ്പട ഒമാൻ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.