മസ്കത്ത്: പൊതു സ്വകാര്യ മേഖലയിൽനിന്ന് പണം പിരിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സാമൂഹിക വികസന മന്ത്രാലയം ഉത്തരവിറക്കി. സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗവും പൊതു നിയമ നടപ്പിലാക്കുന്നവരും നടത്തുന്ന കമ്മിറ്റികൾക്കും സ്ഥാപനങ്ങൾക്കും നിയമം ബാധകമല്ല. നിയമം അനുസരിച്ച് പൊതുജനങ്ങളിൽനിന്ന് പണം പിരിക്കണമെങ്കിൽ മന്ത്രാലയത്തിന്റെ അനുമതി നേടിയിരിക്കണം.
പരിമിതമായ ലക്ഷ്യങ്ങൾക്കായുണ്ടാക്കിയ പ്രത്യേക സമിതി, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവക്കായിരിക്കും ലൈസൻസ് നൽകുക. വ്യക്തിപരമായ ആവശ്യങ്ങൾക്ക് ലൈസൻസുകൾ അനുവദിക്കില്ല. ഇത്തരം ലൈസൻസ് ലഭിച്ചവർ പണം സ്വരൂപിക്കുന്ന രീതികൾ അധികൃതർ നിരീക്ഷിക്കും. സാധാരണ ജനങ്ങൾക്ക് പരസ്യത്തിലൂടെയും മറ്റും എന്ത് ആവശ്യങ്ങൾക്കുമുള്ള പണം പിരിവ് നിരോധിച്ചിട്ടുണ്ട്.
ചില വിഭാഗം വ്യക്തികൾക്കും അധികൃതരിൽനിന്ന് അംഗീകാരം നേടിയശേഷം പണ പ്പിരിവ് നടത്തുന്നതിന് തടസ്സമില്ല പൊതുപരിപാടികൾ, പ്രദർശനങ്ങൾ, ജീവകാരുണ്യ മാർക്കറ്റുകൾ, സ്പോർട്സ്, സാംസ്കാരിക പരിപാടികൾ എന്നിവക്ക് ആപ്ലിക്കേഷൻ, വെബ്സൈറ്റ്, പർച്ചേസ് വൗച്ചറുകൾ, എസ്.എം.എസ്, ഇലക്ട്രേണിക് പെയ്മെന്റ് ഉപകരണങ്ങൾ, പെട്ടികൾ വഴി പണം പിരിക്കാം.
പൊതുലേലത്തിലൂടെ പണം പിരിക്കുന്നതിൽനിന്ന് അനുവാദം എടുക്കുകയും ബന്ധപ്പെട്ട അധികാരികളുടെ മേൽ നോട്ടത്തിൽ ലേലം നടത്തുകയും വേണം. ഇത്തരം ലേലങ്ങൾ സംഘടിപ്പിക്കുന്ന ചെലവിലേക്ക് ഇവരിൽനിന്ന് രണ്ട് ശതമാനത്തിൽ കൂടാത്ത സംഖ്യ സംഘാടകരിൽനിന്ന് ഈടാക്കും.
പാർട്ടികൾ, പ്രദർശനം, ജീവകാരുണ്യ മാർക്കറ്റുകൾ, കായിക പരിപാടികൾ, സാംസ്കാരിക വിനോദ പരിപാടികൾ എന്നിവ നടത്തുന്നവർ പരിപാടികളുടെ തീയതി, സ്ഥലം പങ്കെടുക്കുന്നവരുടെ എണ്ണം എന്നിവ നിശ്ചയിക്കണം. പരിപാടിക്ക് പ്രവേശന ടിക്കറ്റുകൾ ഉണ്ടെങ്കിൽ പരിപാടികൾക്ക് മേൽ നോട്ടം വഹിക്കാൻ ഒരു ടീമിനെ നിശ്ചയിക്കണം.
ടിക്കറ്റുകളിൽ കൃത്യമായി ക്രമനമ്പറുകൾ, സംഘടക കമ്മിറ്റിയുടെ പേര്, പരിപാടിയുടെ പേര്, തീയതി, ടിക്കറ്റ് വില, ലൈസൻസ് നമ്പർ എന്നിവ രേഖപ്പെടുത്തണം. ഇത്തരം പരിപാടികൾ നടത്തുന്നവർ നടത്തിപ്പിന്റെ ആവശ്യാർഥം മറ്റുള്ളവരുമായി ബന്ധപ്പെടരുത്.
ടിക്കറ്റ് വിതരണത്തിനായി ബന്ധപ്പെടാമെങ്കിലും ഇതിൽനിന്നുള്ള കമീഷൻ രണ്ട് ശതമാനത്തിൽ കൂടുതലാവാൻ പാടില്ല. പരിപാടികൾ സംഘടിപ്പിക്കുന്ന സ്പോൺസർമാരുമായുള്ള കരാർ പരിപാടിക്ക് പത്തു ദിവസം മുമ്പ് അധികൃതർക്ക് നൽകിയിരിക്കണം. ഇത്തരം പരിപാടികളിലൂടെ ലഭിക്കുന്ന പണം പരിപാടിക്ക് രണ്ടുദിവസം മുമ്പ് സംഘാടകരുടെ അംഗീകൃത ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം.
ആപ്പുകൾ, വെബ്സൈറ്റുകൾ എന്നിവ വഴി പണം പിരിക്കാൻ അംഗീകാരം നേടിയവർ ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. ആപ്, വെബ്സൈറ്റോ ഉണ്ടാക്കിയ കരാർ അധികൃതർക്ക് സമർപ്പിക്കണം. ആപ്പിലും വെബ്സൈറ്റിലും പ്രദർശിപ്പിക്കുന്ന പരിപാടികളുടെ ഉള്ളടക്കം അധികൃതർക്ക് നൽകണം. ഇവയുടെ ലോഗോ, പണം പിരിക്കാനുള്ള സമയ പരിധി, പണം നിക്ഷേപിക്കാനുള്ള ബാങ്ക് അക്കൗണ്ട് എന്നിവയും വെബ്സൈറ്റിൽ നൽകണം.
വെബ്സൈറ്റിൽ കാണിച്ച ആവശ്യങ്ങൾക്കല്ലാതെ മറ്റു ആവശ്യങ്ങൾ പണം വഴിമാറ്റാൻ പാടില്ല. വെബ് വഴിയോ ആപ്പ് വഴിയോ പണപ്പിരിവ് നടക്കുന്ന വേളയിൽ പിൻവലിക്കാൻ പാടില്ല. പണപ്പിരിവ് സമയപരിധി കഴിഞ്ഞ ശേഷം ബന്ധപ്പെട്ട അധികൃതരുടെ അംഗീകാരത്തോടെ മാത്രമെ പണം പിരിക്കാൻ പാടുളളൂ.
പണം പിരിക്കൽ അവസാനിപ്പിക്കുമ്പോൾ പൊതുജനങ്ങളെ വിവരം അറിയിക്കണം. കൂപ്പൺ വഴി പണം പിരിക്കുന്നവർക്കും വയക്തമായ മാർഗ നിർദേശങ്ങൾ മന്ത്രാലയം മുമ്പോട്ട് വെക്കുന്നുണ്ട്. പരിപാടികൾ നടന്നതിന് നൽകിയ മാർഗ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് പിഴ അടക്കമുള്ള ശിക്ഷാ നടപടികളും ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.