മസ്കത്ത്: മുസന്ദം സിപ്ലൈനുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഒമാൻ അഡ്വഞ്ചർ സെന്റർ അറിയിച്ചു. മുസന്ദം ഒമാൻ അഡ്വഞ്ചർ സെന്ററിൽ രണ്ടു മണിക്കൂർ നേരം സിപ്ലൈൻ തകരാറിലായതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
സിപ്ലൈനിന്റെ പ്രവർത്തനങ്ങൾ ഉയർന്ന കാര്യക്ഷമതയോടെയും കർശന സുരക്ഷാ പ്രോട്ടോക്കോളുകളോടെയുമാണ് നടക്കുന്നത്. സുരക്ഷ മാനദണ്ഡങ്ങളുടെ ഭാഗമായി ചില സന്ദർഭങ്ങളിൽ കുറഞ്ഞസമയം പ്രവർത്തനം നിർത്തിവെക്കേണ്ടിവരും. ഇതിന് എട്ടു മിനിറ്റ് സമയമാണ് വേണ്ടിവരാറുള്ളത്. കഴിഞ്ഞദിവസം ഇത്തരത്തിൽ ഒരു കാര്യം കൈകാര്യം ചെയ്തിരുന്നുവെന്നും ഒമാൻ അഡ്വഞ്ചർ സെന്റർ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിലാണ് മുസന്ദം ഗവർണറേറ്റിലെ സിപ്ലൈൻ ഔദ്യോഗികമായി നാടിന് സമർപ്പിച്ചത്. ഒമാൻ അഡ്വഞ്ചർ സെന്ററിന്റെ പ്രധാന ഇനങ്ങളിലൊന്നാണ് സിപ്ലൈൻ പദ്ധതി. ജലത്തിന് മുകളിലൂടെയുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ സിപ്ലൈൻ എന്ന നിലയിൽ പദ്ധതി ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടംപിടിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവരെയാണ് പ്രവർത്തനസമയം.
ഖസബ് വിലായത്തിൽ ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനി (ഒമ്രാൻ ഗ്രൂപ്പ്) ആണ് പദ്ധതിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. ജബൽ ഫിറ്റിൽനിന്ന് ആരംഭിച്ച് ഖോർ ഖാദിയുടെയും മോഖി പ്രദേശത്തിന്റെയും മനോഹരമായ ഭൂപ്രകൃതിയിലൂടെ കടന്നുപോകുന്ന തരത്തിൽ 1800 മീറ്റർ നീളത്തിലാണ് സിപ്ലൈനുള്ളത്. അത്താന ഖസബ് ഹോട്ടലുമായാണ് ഇതിന്റെ ലാൻഡിങ് പോയന്റ്.
ഏറ്റവും ഉയരത്തിലുള്ള സിപ്ലൈൻ ആണ് മുസന്ദത്തേത്. 220 മീറ്റർ ഉയരത്തിലാണ് ഇതുള്ളത്. പദ്ധതി യാഥാർഥ്യമായതോടെ സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികൾക്ക് മുസന്ദത്തിന്റെയും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളുടെയും മനോഹാരിത അനുഭവിക്കാൻ കഴിയും.
കഴിഞ്ഞ വർഷം മാർച്ചിലാണ് പദ്ധതിയുടെ നിർമാണം തുടങ്ങിയത്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി നൂതന ബ്രേക്കിങ് സിസ്റ്റം, റൈഡർമാരെ സംരക്ഷിക്കുന്നതിനുള്ള ഹെൽമറ്റുകൾ, സുരക്ഷ ജാക്കറ്റുകൾ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.