മസ്കത്ത്: അടുത്ത അധ്യയന വർഷം മസ്കത്ത് ഇന്ത്യൻ സ്കൂളിൽ ഫീസ് വർധിപ്പിക്കില്ലെന്ന അധികൃതരുടെ തീരുമാനത്തെ സ്വഗതം ചെയ്യുകയാണെന്ന് രക്ഷിതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന ഓപൺ ഫോറത്തിലാണ് തുടർച്ചയായി ഉണ്ടാകുന്ന ഫീസ് വർധന നിയന്ത്രിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിച്ച സ്കൂൾ മാനേജ്മെന്റ് അടുത്ത അധ്യയനവർഷം ഫീസ് വർധന ഉണ്ടാകില്ലെന്ന് ഓപൺ ഫോറത്തെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ഓപൺ ഫോറത്തിന് ശേഷം മാധ്യമങ്ങളെ കണ്ട രക്ഷിതാക്കളുടെ സംഘം, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും സ്കൂൾ ഡയറക്ടർ ബോർഡും നൽകിയ ഉറപ്പുകളിൽ സംതൃപ്തി രേഖപ്പെടുത്തി. എന്നാൽ ഉറപ്പുകൾ കൃത്യമായി പാലിക്കപ്പെടണമെന്നും ഇന്ത്യൻ സ്കൂൾ മസ്കത്തിന്റെ അക്കാദമികവും, അക്കാദമിക് ഇതര നിലവാരം സംരക്ഷിക്കുന്നതിൽ തങ്ങൾ ജാഗൃതയോടെ ഇടപെടുമെന്നും രക്ഷിതാക്കളുടെ സംഘത്തിന് നേതൃത്വം നൽകിയ കെ. വി. വിജയൻ, സുഗതൻ, ശ്രീകുമാർ, മിഥുൻ മോഹൻ, വരുൺ ഹരിപ്രസാദ് എന്നിവർ അറിയിച്ചു.
കഴിഞ്ഞ കുറെ വർഷങ്ങളായി മുടങ്ങി ക്കിടന്നിരുന്ന സ്കൂൾ ഓപൺ ഫോറം വിവിധ രക്ഷിതാക്കളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ അടുത്തിടെ നടത്തിയ പ്രതിഷേധങ്ങളെ തുടർന്നാണ് വീണ്ടും പുനഃരാരംഭിച്ചത്. ഓപൺ ഫോറത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ സ്കൂൾ നേരിടുന്ന നിരവധി അക്കാദമിക, അക്കാദമിക് ഇതര വിഷയങ്ങൾ ഉന്നയിച്ചു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങൾ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ മറ്റു സ്കൂൾ അധികാരികൾ എന്നിവർ ഓപൺ ഫോറത്തിൽ പങ്കെടുത്തു. ദാർസൈത്ത് ഇന്ത്യൻ സ്കൂളിലും ഒപൺ ഫോറം നടന്നിരുന്നു. അടുത്ത ദിവസങ്ങളിലായി മറ്റ് ഇന്ത്യൻ സ്കൂളിലും ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.