മസ്കത്ത്: ഏറെ കാലത്തെ ഇടവേളക്കുശേഷം മസ്കത്ത് ഇന്ത്യൻ സ്കൂളിലെ ഓപൺ ഫോറം ഫെബ്രുവരി 29ന് നടക്കും. ഇത് സംബന്ധിച്ച സർക്കുലർ സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് കൈമാറി. വൈകുന്നേരം 6.30 മുതൽ 8.00 വരെ പുതിയ മൾട്ടിപർപ്പസ് ഹാളിലായിരിക്കും ഓപൺ ഫോറം നടക്കുക. സ്കൂളിന്റെ തുടർച്ചയായ പുരോഗതിക്കായി സ്കൂളും രക്ഷിതാക്കളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതന്ന് പ്രിൻസിപ്പൽ രാകേഷ് ജോഷി അയച്ച സർക്കുലറിൽ പറയുന്നു. ഓപൺ ഫോറത്തിലേക്കുള്ള ചോദ്യങ്ങൾ മുൻകൂട്ടി ഗുഗിൾ ഫോം (https://forms.gle/peefXaEpUrdlJn297) വഴി സമർപ്പിക്കണം. ഓപൺ ഫോറത്തിന്റെ സുഗമമായ നടത്തിപ്പ് ലക്ഷ്യമിട്ടും സമാനമായ ചോദ്യങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാനുമാണ് മുൻകൂട്ടി ചോദ്യങ്ങൾ ക്ഷണിക്കുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
ഗൂഗിൾഫോം വിദ്യാർഥിയുടെ സ്കൂളിന്റെ ഔദ്യോഗിക ഇമെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്താണ് പൂരിപ്പിക്കേണ്ടത്. ചോദ്യങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 22 ആണ്. മസ്കത്ത് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് മാത്രമായിരിക്കും ഓപൺ ഫോറത്തിൽ പങ്കെടുക്കാൻ സാധിക്കുക. രക്ഷിതാക്കൾ വിദ്യാർഥികളുടെ യഥാർഥ റസിഡൻറ് കാർഡിനൊപ്പം, വിദ്യാർഥിയുടെ ക്ലാസ്, ജി.ആർ നമ്പർ എന്നീ വിവരങ്ങളുമായാണ് ഓപൺ ഫോറത്തിൽ പങ്കെടുക്കാനെത്തേണ്ടത്. അഭിപ്രായങ്ങളും നിർദേശങ്ങളം മറ്റും മാനേജ്മെൻറ് കമ്മിറ്റി, സ്കൂൾ അഡ്മിനിസ്ട്രേഷൻ, ബോഡ് ഓഫ് ഡയറക്ടേഴ്സ് എന്നിവയെ അഭിസംബോധനം ചെയ്തുള്ളവയായിരിക്കണം. വ്യക്തി കേന്ദ്രീകൃതമാകരുത്. ഓപൺ ഫോറ സസമയത്ത് സ്കൂൾ പരിസരത്ത് ഓഡിയോ, വിഡിയോ റെക്കോഡ് എന്നിവ ചെയ്യാൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നു. ഇന്ത്യൻ സ്കൂളുകളിൽ ഓപൺ ഫോറം പുനരാരംഭിക്കലും അക്കാദമികവും മറ്റനുബന്ധ വിഷയങ്ങളും ചൂണ്ടിക്കാട്ടി നിരവധി തവണ വിവിധ രക്ഷിതാക്കളുടെ കൂട്ടാമയുടെ നേതൃത്വത്തിൽ ഡയറക്ടർ ബോർഡ് ചെയർമാനുമായി ചർച്ച നടത്തിയിരുന്നു. ദിവസങ്ങൾക്കുമുമ്പ് ബോർഡ് യോഗത്തിലേക്ക് നേരിട്ട് കടന്നുചെല്ലുകയും ചെയ്തിരുന്നു. സ്കൂൾ പ്രവർത്തനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ ഇടയിൽ ഉയർന്നിട്ടുള്ള വിവിധ പരാതികൾ ചർച്ച ചെയ്യുന്നതിന് നിർത്തിവെച്ചിരിക്കുന്ന സ്കൂൾ ഓപൺ ഫോറം ഉടൻ വിളിച്ചു ചേർക്കുമെന്ന് ബോർഡ് ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാന് ഇപ്പോൾ ഓപൻ ഹൗസിന് തുടക്കമിട്ടിരിക്കുന്നത്. വരും ദിവസങ്ങളിലായി മറ്റ് സ്കൂളുകളിലും ഒപ്പൺ ഫോറങ്ങൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.