മസ്കത്ത്: രാജ്യത്തിന്റെ ഗതാഗതക്കുതിപ്പിന് സഹായമേകുന്ന മസ്കത്ത് മെട്രോയുടെ മുൻകൂർ സാധ്യതാപഠനം ഈ വർഷം പൂർത്തിയാകുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിലെ റെയിൽവേ മേധാവികൂടിയായ മെട്രോ പ്രോജക്ട് മാനേജർ ഹമൂദ് മുസാബ അൽ അലാവി പറഞ്ഞു.
പ്രാദേശിക പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കര്യം അറിയിച്ചത്. നഗരത്തിന്റെ ഭാവി വികസനത്തിൽ മെട്രോ വലിയ സ്വാധീനം ചെലുത്തുമെന്നും അലാവി പറഞ്ഞു.മസ്കത്തിലെ ഗതാഗത വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മസ്കത്ത് മെട്രോ നടപ്പിലാക്കുന്നത്. മസ്കത്തിൽ ശക്തമായ ഒരു പൊതുഗതാഗത സംവിധാനം ആവശ്യമാണ്. തലസ്ഥാന നഗരത്തിന്റെ സുസ്ഥിര വികസനത്തിനു പൊതുഗതാഗതം നിർണായകമാണ്.
മികച്ച സംവിധാനമുണ്ടായില്ലെങ്കിൽ ഭാവിയിൽ കടുത്ത തിരക്കും യാത്രക്കായി കൂടുതൽ സമയവും ചെലവഴിക്കേണ്ടിവരും. ഭാവിയിൽ യാത്രയുടെ വേഗത കുറയാൻ സാധ്യതയുണ്ടെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. നിലവിൽ മസ്കത്തിലെ വാഹന ഗതാഗതവേഗത ശരാശരി വേഗത മണിക്കൂറിൽ 55 കിലോമീറ്ററാണ്, ഇത് സ്വീകാര്യമാണ്. ഗതാഗത സൗകര്യം മെച്ചപ്പെടുത്തിയില്ലെങ്കിൽ ഇത് മണിക്കൂറിൽ 27 കിലോമീറ്ററായി കുറയുമെന്നാണ് പഠനം പറയുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും ഗതാഗത മന്ത്രി നേരെത്തേ പറഞ്ഞിരുന്നു.
പൊതുഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് മസ്കത്ത് മെട്രോ. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി പൊതുഗതാഗത സംവിധാനത്തിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ ആവശ്യമാണെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.