മസ്കത്ത്: നഗരത്തിന് ആഘോഷരാവുമായെത്തുന്ന മസ്കത്ത് നൈറ്റ് ഫെസ്റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21വരെ ഗവർണറേറ്റിലെ ഏഴ് സ്ഥലങ്ങളിലായി നടക്കും. മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ മസ്കത്ത് മുനിസിപ്പൽ കൗൺസിലിന്റെ എട്ടാമത് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. മസ്കത്ത് നൈറ്റ്സിന്റെ ഒരുക്കങ്ങളും യോഗം ചർച്ചചെയ്തു.
കല, സംസ്കാരം, പൈതൃകം എന്നിവയുമായി സമന്വയിപ്പിച്ച വിനോദത്തിന്റെയും കലാപരിപാടികളുടെയും വേദിയായിരിക്കും മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവൽ. മിനിറ്റ്സുകളും യോഗം അംഗീകരിച്ചു.
മത്രയിലെ ജല ശൃംഖലയിലെ ആവർത്തിച്ചുള്ള തകരാറുകൾ പരിഹരിക്കുക, മസ്കത്തിലെ തൊഴിലാളികളുടെ ഭവനയൂനിറ്റുകൾക്കായി കാർഷിക പ്ലോട്ടുകൾ വാടകക്കെടുക്കാനുള്ള അഭ്യർഥന, ഷിഷ കഫേകൾക്കുള്ള നിർദേശങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മെസ്ക്വിറ്റ് മരങ്ങളുടെ വ്യാപനത്തെക്കുറിച്ചുള്ള ആരോഗ്യ പരിസ്ഥിതി കാര്യ സമിതിയുടെ ശിപാർശകളും അവലോകനം ചെയ്തു.
മസ്കത്ത് ഗവർണറേറ്റിന്റെ ദർശനവും ദൗത്യവും, മുനിസിപ്പൽ കൗൺസിലിന്റെ തന്ത്രപരമായ പദ്ധതി, ആസൂത്രിത പ്രവർത്തനങ്ങൾ, അംഗങ്ങളുടെ പിന്തുണക്കുള്ള പരിപാടി, കൗൺസിലിന്റെ ലക്ഷ്യങ്ങൾ വിവരിക്കുന്ന ഒരു മാധ്യമ പരിപാടി എന്നിങ്ങനെയുള്ള 2025ലെ പ്രവർത്തന പദ്ധതി കൗൺസിൽ പരിശോധിച്ചു.
ഒമാൻ വിഷൻ 2040 ന്റെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ പരിപാടികളുമായി യോജിപ്പിക്കാനാണ് 2025 പദ്ധതി ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പൽ കൗൺസിൽ സെക്രട്ടറി അബ്ദുല്ല ബിൻ സലേം അൽ ജഹൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.