മസ്കത്ത്: പ്രകൃതിദുരന്തങ്ങളെ കുറിച്ച് മൊബൈലിലൂടെ മുന്നറിയിപ്പ് നൽകുന്ന സേവനങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ട് ടെലി കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും കമ്യൂണിക്കേഷൻ സർവിസ് പ്രൊവൈഡർമാരുടെയും സഹകരണത്തോടെ സന്ദേശങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഈ ആഴ്ചയിൽ നിരവധി തീരദേശ പ്രദേശങ്ങളിലും മറ്റും അയച്ചുതുടങ്ങും. ട്രയൽ റൺ തെക്കൻ ബാത്തിന ഗവർണറേറ്റിലാണ് നടത്തുക. പിന്നീട് തെക്കൻ ശർഖിയ, അൽ വുസ്ത, മസ്കത്ത്, ദോഫാർ, ബുറൈമി, വടക്കൻ ബാത്തിന ഗവർണറേറ്റുകൾ ഉൾപ്പെടെയുള്ള മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കും. മുന്നറിയിപ്പ് സന്ദേശത്തിന്റെ ഉള്ളടക്കത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത്, സന്ദേശം വരിക്കാരന് എത്തിയെന്ന് സ്ഥിരീകരണം നൽകണം.
പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ ഒമാൻടെൽ, ഉരീദോ എന്നിവയുടെ വരിക്കാരാണ് ഉൾപ്പെടുന്നത്. വോഡഫോൺ ഈ സംവിധാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കാത്തവർ ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച ലിങ്ക് വഴി അറിയിക്കണമെന്ന് അതോറിറ്റി അറിയിച്ചു. പൊതുജന സുരക്ഷയും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയാറെടുപ്പും വർധിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണ് ഈ സംരംഭം. ടെലി കമ്യൂണിക്കേഷൻ സേവനദാതാക്കളുടെയും സഹകരണത്തോടെയാണ് മൊബൈൽ ഫോണുകൾ വഴി മുന്നറിയിപ്പ് നൽകുക. ഈ സേവനത്തെക്കുറിച്ചുള്ള ബോധവത്കരണ കാമ്പയിൻ ദിവസങ്ങൾക്ക് മുമ്പ് നടന്നിരുന്നു.
കാലാവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പ് ഏത് പ്രദേശത്താണോ ലക്ഷ്യംവെക്കുന്നത് അവിടത്തെ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിക്കാൻ പുതിയ ബ്രോഡ്കാസ്റ്റ് സേവനം സഹായിക്കും. ഇത് എല്ലാ മൊബൈൽ ഉപയോക്താക്കളും ആക്ടിവേറ്റ് ചെയ്യണമെന്ന് ‘ട്രാ’ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്ടിവേറ്റ് ചെയ്യേണ്ട രീതിയെകുറിച്ചുള്ള വിഡിയോയും ഇറക്കിയിരുന്നു. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾക്ക് ഇടക്കിടെ വിധേയമാകുന്ന സ്ഥലമാണ് സുൽത്താനേറ്റ്. ഇത്തരം ജാഗ്രതാ അറിയിപ്പ് സംവിധാനം നിരവധി മനുഷ്യജീവനുകൾ രക്ഷിക്കാനും നാശനഷ്ടങ്ങൾ കുറക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.