നീറ്റ്: ഒമാനിലെ സെന്‍റർ മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിൽ

മസ്കത്ത്: ഇന്ത്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രല്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷയുടെ ഒമാനിലെ സെന്‍ററായി മസ്കത്ത് ഇന്ത്യൻ സ്കൂളിനെ തിരഞ്ഞെടുത്തു. ജൂലൈ 17നാണ് പരീക്ഷ. ഇത്തവണ 214 വിദ്യാർഥികളാണ് ഒമാനിൽനിന്ന് പരീക്ഷ എഴുതുന്നത്. ഒമാന്‍ സമയം ഉച്ചക്ക് 12.30ന് ആണ് പരീക്ഷ ആരംഭിക്കുന്നത്.

3.20 മണിക്കൂറാണ് സമയം. 12 മണിക്ക് മുമ്പായി പരീക്ഷ കേന്ദ്രത്തിൽ വിദ്യാർഥികൾ റിപ്പോർട്ട് ചെയ്യണം. രാവിലെ 9.30 മുതൽ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കും.

12 മണിക്ക് ശേഷം എത്തുന്നവരെ പരീക്ഷകേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ അറിയിച്ചു. സെന്‍റർ കോഡ്: NTA-EC-o-17749 (991101). പരീക്ഷ സെന്‍ററുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് principal@ismoman.com എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടാം.

ആദ്യമായാണ് സുൽത്താനേറ്റിൽ നീറ്റ് പരീക്ഷ നടക്കുന്നത്. മസ്‌കത്തില്‍ കേന്ദ്രം അനുവദിച്ചത് മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകുന്നതാണ്. അതേസമയം, പരീക്ഷ അഡ്മിറ്റ് കാര്‍ഡ് ലഭിക്കാന്‍ വൈകിയത് വിദ്യാര്‍ഥികളില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് പലർക്കും അഡ്മിറ്റ് കാര്‍ഡ് ലഭ്യമായത്.

21 ഇന്ത്യൻ സ്കൂളുകളുള്ളതിനാൽ ഒമാനിൽ നീറ്റ് പരീക്ഷക്ക് കേന്ദ്രം അനുവദിക്കണമെന്ന് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും വർഷങ്ങളായുള്ള ആവശ്യമായിരുന്നു. നേരത്തെ വിദ്യാർഥികൾ നീറ്റ് പരീക്ഷക്ക് ഇന്ത്യയിലേക്കോ യു.എ.ഇയിലേക്കോ ആണ് പോകാറുണ്ടായിരുന്നത്.

കോവിഡിന്‍റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ വർഷം കൂടുതൽപേരും യു.എ.ഇയിൽ പോയായിരുന്നു പരീക്ഷ എഴുതിയിരുന്നത്. പ്രവാസികളുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങിയവർക്ക് നിവേദനങ്ങൾ നൽകുകയും ചെയ്തിരുന്നു. വിഷയത്തിൽ സത്വര ഇടപെടൽ ആവശ്യപ്പെട്ട് കഴിഞ്ഞ പ്രാവശ്യം ഇന്ത്യൻ എംബസി അധികൃതരുമായി സാമൂഹികപ്രവർത്തകർ ചർച്ച നടത്തുകയും ചെയ്തിരുന്നു.

ഇതേ തുടർന്നാണ് ഈ വർഷം സുൽത്താനേറ്റിലും പരീക്ഷകേന്ദ്രം അനുവദിച്ചത്. ആറ് ഗള്‍ഫ് രാഷ്ട്രങ്ങളിലായി എട്ട് പരീക്ഷാകേന്ദ്രങ്ങളാണ് ഇത്തവണ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അനുവദിച്ചിരിക്കുന്നത്.ഇന്ത്യയിൽ മാത്രം നടത്തിയിരുന്ന പരീക്ഷക്ക് കഴിഞ്ഞ വർഷമാണ് ഇന്ത്യക്ക് പുറത്ത് ആദ്യമായി കേന്ദ്രം അനുവദിച്ചത്. 

Tags:    
News Summary - NEET: Center Muscat Indian School, Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.