മസ്കത്ത്: ആയിരക്കണക്കിന് പ്രവാസി വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തുന്ന നടപടിയാണ് ഇന്ത്യക്ക് പുറത്തുള്ള നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ നിർത്തലാക്കിയതിലൂടെ ഉണ്ടായിരിക്കുന്നതെന്നും ഈ തീരുമാനം പിൻവലിച്ച് മുൻ വർഷത്തേതുപോലെ ഗൾഫ് മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങൾ നിലനിർത്തണമെന്നും ഒ.ഐ.സി.സി പ്രസിഡന്റ് സജി ഔസേഫ് ആവശ്യപ്പെട്ടു.കഴിഞ്ഞ വർഷം വിവിധ ഗൾഫ് രാജ്യങ്ങളിലെ ഒമ്പത് പരീക്ഷാ കേന്ദ്രങ്ങളിലൂടെ 5000ൽപരം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.
ഒമാനിൽ മസ്കത്തും പരീക്ഷ കേന്ദ്രമായിരുന്നു. സാധാരണ പ്രവാസി കുടുംബത്തിന് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന തീരുമാനമാണിത്. പ്രവാസി വിദ്യാർഥി സമൂഹം നേരിടുന്ന ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ട നടപടികൾ നാഷനൽ ടെസ്റ്റിങ് ഏജൻസി എത്രയും വേഗം കൈക്കൊള്ളണമെന്നും ഗൾഫ് രാജ്യങ്ങളിലെയടക്കം ഇന്ത്യക്ക് പുറത്തുള്ള എല്ലാ പരീക്ഷാ കേന്ദ്രങ്ങളും പുനഃസ്ഥാപിക്കണമെന്നും ഒ.ഐ.സി.സി പ്രസിഡന്റ് സജി ഔസേഫ് ആവശ്യപ്പെട്ടു.
സലാല: ഗൾഫിൽ അടുത്ത കാലത്ത് അനുവദിച്ച നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ നിർത്തലാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ലോക കേരള സഭാംഗം പവിത്രൻ കാരായി ആവശ്യപ്പെട്ടു. സലാല ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ കേന്ദ്രങ്ങൾ അനുവദിക്കേണ്ടതിന് പകരം ഉള്ളതുകൂടി അടച്ച നടപടി നാഷനൽ ടെസ്റ്റിങ് ഏജൻസി പുനഃപരിശോധിക്കണം. ഇതുമൂലം നിരവധി വിദ്യാർഥികളും രക്ഷിതാക്കളുമാണ് പ്രയാസത്തിലായിരിക്കുന്നത്. ഇവർക്ക് നാട്ടിൽ പോയി പരീക്ഷ എഴുതാൻ വലിയ തുക എയർടിക്കറ്റിനായി ചെലവഴിക്കേണ്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.