മസ്കത്ത്: ഞായറാഴ്ച ഒമാനിൽ നടക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രൻസ് ടെസ്റ്റിന്റെ (നീറ്റ്) ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു.
മസ്കത്ത് ഇന്ത്യൻ സ്കൂളാണ് പരീക്ഷകേന്ദ്രം. സെന്റർ നമ്പർ: 99110. ഒമാൻ സമയം 12.30നാണ് പരീക്ഷ ആരംഭിക്കുക. ഇത്തവണ 300ഓളം വിദ്യാർഥികൾ പരീക്ഷ എഴുതും. കഴിഞ്ഞ വർഷം 269 പേരായിരുന്നു ഒമാനിൽനിന്ന് പരീക്ഷ എഴുതിയത്. പരീക്ഷാർഥികൾ ഒമാൻ സമയം 9.30 മുതൽ റിപ്പോർട്ട് ചെയ്യണം. ഉച്ചക്ക് 12മണിക്ക് ഗേറ്റുകൾ അടക്കും.
പാസ്പോർട്ട്/ പാൻ കാർഡ്/ ലൈസൻസ്/ ഇന്ത്യ ഗവൺമെന്റ് നൽകുന്ന മറ്റേതെങ്കിലും ഐ.ഡി കാർഡ് എന്നിവയുടെ ഒറിജിനൽ തിരിച്ചറിയൽ രേഖയായി കരുതേണ്ടതാണ്. മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും അനുവദിക്കില്ല.
അതേസമയം, ഈ വർഷത്തിന്റെ തുടക്കത്തിൽ നീറ്റ് പരീക്ഷക്കുള്ള കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ ഒമാനടക്കമുള്ള പല ഗൾഫ് രാജ്യങ്ങളും പുറത്തായിരുന്നു. ഏറെനാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഒമാനടക്കം ആറ് ഗൾഫ് രാജ്യങ്ങളിലായി എട്ടു കേന്ദ്രങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കുകയായിരുന്നു.
ഒമാനിലെ നീറ്റ് പരീക്ഷ കേന്ദ്രം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ മസ്കത്തിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗിന് നിവേദനം നൽകിയിരുന്നു. ഇതിനുപുറമെ നടന്ന ഓപൺ ഫോറത്തിലും വിവിധ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിലും രക്ഷിതാക്കൾ നീറ്റ് പരിക്ഷ കേന്ദ്രം പുനഃസ്ഥാപിക്കേണ്ട ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഏറെ കാലത്തെ മുറവിളിക്കൊടുവിൽ 2022ലാണ് ഒമാനിൽ ആദ്യമായി പരീക്ഷ കേന്ദ്രം അനുവദിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷങ്ങളിലായി 400ലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഈ വർഷം കൂടുതൽ വിദ്യാർഥികൾ പരീക്ഷക്ക് ഒരുങ്ങവേയാണ് അപ്രതീക്ഷിതമായി കേന്ദ്രം മാറ്റിയത്. ഇതോടെ ഒമാനടക്കമുള്ള രാജ്യങ്ങളിൽനിന്ന് വിദ്യാർഥികൾ ഇന്ത്യയിൽ പോയി പരീക്ഷ എഴുതേണ്ട സ്ഥിതിയായിരുന്നു. ഇതേത്തുടർന്ന് ഈ വർഷം പരീക്ഷ എഴുതുന്നില്ലെന്ന് പല വിദ്യാർഥികളും തീരുമാനമെടുത്തിരുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. പരീക്ഷക്കായി വിദ്യാർഥികൾ സൂർ, സലാല തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് മസ്കത്തിൽ വെള്ളിയാഴ്ച തന്നെ എത്തിയിട്ടുണ്ട്. പലരും ബന്ധുവീട്ടിലും മറ്റുമാണ് താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.