മസ്കത്ത്: കത്തുന്ന ചൂടിന് തൊഴിലാളികൾക്ക് ആശ്വാസം നൽകാൻ മന്ത്രാലയം എല്ലാവർഷവും പ്രഖ്യാപിക്കാറുള്ള മധ്യാഹ്ന വിശ്രമവേള ബുധനഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഒമാൻ തൊഴിൽ നിയമത്തിലെ ആർട്ടിക്ക്ൾ 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ നിർമാണ മേഖലയടക്കം പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് വിശ്രമം നൽകുന്നത്. ഇതുപ്രകാരം പുറത്തുജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30മുതൽ 3.30വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥാരാണ്.
തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ മധ്യാഹ്ന വിശ്രമം നൽകുന്നത്. വിശ്രമവേള നടപ്പാക്കാൻ തൊഴിൽ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സഹകരണം ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. വിശ്രമസമയം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ പരാതി നല്‍കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരുവര്‍ഷത്തില്‍ കൂടുതല്‍ തടവുമാണ് നിയമലംഘകര്‍ക്കുള്ള ശിക്ഷ.
തൊഴിലാളികൾ കനത്തവെയിലിലും തുറസ്സായ സ്ഥലങ്ങളിലും ഉച്ചക്ക് 12.30 മുതൽ 3.30 വരെയുള്ള സമയങ്ങളിൽ ജോലി ചെയ്യുന്നതൊഴിവാക്കാൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ഷെയ്ഖ് നാസർ ബിൻ അമർ അൽ ഹൊസ്നി പറഞ്ഞു. വ്യവസ്ഥകൾ കൃത്യമായും നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ അടുത്ത മൂന്നുമാസങ്ങളിൽ പരിശോധന സംഘങ്ങൾ തൊഴിൽ സ്ഥലങ്ങളിലും ഫീൽഡിലും സന്ദർശനം നടത്തും.
അതേസമയം, രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കനത്ത ചൂടാണ്. വരും ദിവസങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിന് മുകളിൽവരെ താപനില ഉയർന്നേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. അമിതമായ ചൂടേറ്റുള്ള ജോലി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മുൻവർഷങ്ങളിൽനിന്ന് അപേക്ഷിച്ച് ഈ വർഷം നേരത്തേയാണ് കനത്ത ചൂട് അനുഭവപ്പെട്ട് തുടങ്ങിയത്. മുൻകാലങ്ങളിൽ ഇത്തരത്തിലുള്ള ചൂട് ജൂണിലാണ് അനുഭവപ്പെടാറുള്ളത്. ചൂട് കനത്തതോടെ മധ്യാഹ്ന അവധി നേരത്തേ ആക്കണമെന്ന് തൊഴിലാളികൾ വിവിധ കോണുകളിൽനിന്ന് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.