മസ്കത്ത്: ഒമാനിലെ പ്രധാന കാർഷിക വിളയായ ഈപ്പഴത്തിന്‍റെ വിളവെടുപ്പിന് വിവിധ വിലായത്തുകളിൽ തുടക്കമായി. മേയ് അവസാനം മുതൽ സെപ്റ്റംബർവരെയാണ് ഇത്തപ്പഴ വിളവെടുപ്പ്. തെക്കൻ ശർഖിയ്യ ഗവർണറേറ്ററിലാണ് ഈത്തപ്പഴം ആദ്യം പാകമാവുന്നത്. അൽ നഗൽ, അൽ ബത്താഷ് എന്നീ മരങ്ങളാണ് ആദ്യ ഘട്ടത്തിൽ വിളവെടുപ്പിന് തയ്യാറാവുന്നത്. ഈ ഭാഗങ്ങളിൽ ചൂട് കാലം വേഗത്തിൽ എത്തുന്നത് കൊണ്ടാണ് പെട്ടെന്ന് പാകമാവുന്നത്.
ഈ മേഖലകളിൽ ജൂലൈയോടെ വിളവെടുപ്പ് അവസാനിക്കുകയും ചെയ്യും. ആദ്യം വിളവെടുത്ത് വിപണിയിലെത്തുന്ന പാകം ചെയ്യാത്ത ഈത്തപ്പഴത്തിന് വൻ ഡിമാൻറാണുള്ളത്. ഇതനുസരിച്ച് വിലയും വർധിക്കും.
അൽ തബ്സീൽ, അൽ ജിദാദ് എന്നിങ്ങനെ രണ്ട് രീതിയിലാണ് വിളവെടുപ്പ്. ഈത്തപ്പനകളിൽനിന്ന് പറിച്ചെടുക്കുന്ന പഴങ്ങൾ പാകം ചെയ്യാനായി തയാറാക്കിയ തർകിബ എന്ന പേരിൽ അറിയപ്പെടുന്ന പാചക പുരയിൽ എത്തിക്കും. മണ്ണുകൊണ്ടുണ്ടാക്കിയ അടുപ്പിൽ വൻ പാത്രങ്ങൾ വെച്ച് വേവിക്കുന്ന രീതിയാണിത്. വിറക് ഉപയോഗിച്ച് അര മണിക്കൂറോളം തിളപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ഇങ്ങനെ വേവിച്ച ഈത്തപ്പഴം തുറന്ന സ്ഥലത്തിട്ട് സൂര്യ പ്രകാശത്തിൽ ഉണക്കിയെടുക്കുന്നു. നാലും അഞ്ചും ദിവസം വെയിലത്ത് ഇട്ട് ഉണക്കിയ ശേഷമാണ് ഇവ പാക്ക് ചെയ്ത് വിപണിയിൽ എത്തിക്കുന്നതും കയറ്റി അയക്കുന്നതും.
അൽ ജിദാദ് എന്ന രിതിയാണ് മിക്ക ഇടങ്ങളിലും നിലവിലുള്ളത്. ഇത് കൂറെ ഘടങ്ങളായി ചെയ്യുന്നതാണ്. പനയിൽനിന്ന് ഈത്തപ്പഴം വെട്ടിയെടുത്ത ശേഷം പഴം കുലയിൽ നിന്ന് വേർപ്പെടുത്തി രണ്ടോ മൂന്നോ ദിവസം വെയിലത്ത് ഉണങ്ങാനിടുന്നു. പിന്നീട് കൊളുന്തുകളും മറ്റ് വേർതിരിച്ച് ഈത്തപ്പഴം മാത്രം വെക്കുന്നു. ഇത് പൂർത്തിയാവാൻ രണ്ടഴ്ചയെങ്കിലും എടുക്കും.
മുൻ കാലങ്ങളിൽ വിളവെടുപ്പും സംസ്കരണങ്ങളിലുമൊക്കെ കുടുംബത്തിലെ എല്ലാ അംഗങ്ങളും പങ്കെടുക്കാറുണ്ടെന്ന് ഒമാനിലെ പഴയ തലമുറക്കാൻ പറയുന്നു. ആദ്യകാലങ്ങളിൽ ഈത്തപ്പഴം പ്രധാന ഭക്ഷ്യ വിഭവമായതിനാലും ആഹാരത്തിന് കാര്യമായി ആശ്രയിച്ചിരുന്നതിനാലും വിളവെടുപ്പ് വലിയ ആഘോഷമായിരുന്നു. വിളവെടുപ്പിനോടനുബന്ധിച്ച് വൻ കുടുംബ സംഗമം തന്നെ നടക്കുകയും അടുത്തവരും സുഹൃത്തുക്കളുമൊക്കം ഇതിൽ പെങ്കടുക്കുകയും ചെയ്തിരുന്നു. എന്നാൽ, പുതിയ തലമുറയിൽ പലർക്കും ഇതിനോടൊന്നും വലിയ താൽപര്യമില്ലാത്തതിനാൽ ഇത്തരം രീതികൾ പലതും അപ്രത്യമാവുകയാണ്.
ഒമാനിൽ 250ലധികം ഇനം ഈത്തപ്പഴങ്ങളുണ്ട്. ഖലാസ്, കുനൈസി, ഫർഗ് എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. അബൂ ദുഹൈൻ എന്നത് ഏറെ വ്യതരിക്തമായവയാണ്. ഇതിന് മറ്റ് ഈത്തപ്പങ്ങളെ അപേക്ഷിച്ച് പഞ്ചസാരയുടെ അംശം കുറവായതിനാൽ മധുരവും കുറവാണ്. വടക്കൻ മേഖലയിലെ പ്രധാന വിപണന കേന്ദ്രമാണ് ഫഞ്ച സൂഖ്. ഇവിടെ സുമൈൽ, ബിദ്ബിദ്, ദിമാ വ തായീൻ, ഇബ്ര, സമദ് അൽ ഷാൻ, റൗദ എന്നിവിങ്ങളിൽനിന്ന് ഈത്തപ്പഴം എത്തുന്നതിനാൽ ഇനി മുതൽ വൻ തിരക്ക് അനുഭവപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.