മസ്കത്ത്: ഒമാനിനെ ലോകവിനോദ സഞ്ചാര ഭൂപടത്തിൽ ശ്രദ്ധേയമാക്കുന്ന ഖരീഫ് സീസണിൽ ഇത്തവണ വൻ ജനപ്രവാഹം. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി സീസണിൽ ആഗസ്റ്റ് 15 വരെ എത്തിയ സന്ദർശകരുടെ എണ്ണം 7.39 ലക്ഷമായെന്ന് അധികൃതർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ജൂലൈ 31 വരെ 3.96 ലക്ഷം പേരാണെന്ന് അധികൃതർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആഗസ്റ്റിലാണ് കൂടുതൽ സന്ദർശകർ എത്തിച്ചേർന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16.8 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022ൽ ഈ കാലയളവിൽ ദോഫാറിലെത്തിയത് 6.36 ലക്ഷം പേരായിരുന്നു. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഒമാനി സന്ദർശകർ, ജി.സി.സി സന്ദർശകർ, മറ്റ് രാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി സന്ദർശകരെ തരംതിരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ദോഫാറിലെ ഒമാനി സന്ദർശകരുടെ എണ്ണം 16 ശതമാനം വർധിച്ച് 5,16,276 ആയി. മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്ന് 1,25,889 സന്ദർശകരാണ് ഈ വർഷം എത്തിയത്. 2022ലെ ഇതേ കാലയളവിൽ ഇത് 1,07,804 ആയിരുന്നു. ബാക്കിയുള്ളവർ മറ്റു വിദേശ രാജ്യങ്ങളിൽ നിന്നെത്തിച്ചേർന്നവരാണ്. ദോഫാറിലേക്ക് ഏകദേശം 5,81,723 സന്ദർശകർ ഭൂ അതിർത്തി ചെക്ക്പോസ്റ്റുകളിലൂടെയും 1,58,161 സന്ദർശകർ വിമാന മാർഗവും എത്തിയതായി സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. 2022ലെ ഇതേ കാലയളവിലെ കണക്കിനേക്കാൾ 29 ശതമാനം വർധനയാണ് വിമാന യാത്രികരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.
ഖരീഫ് സീസൺ മുന്നിൽ കണ്ട് നിരവധി പരിപാടികളും പദ്ധതികളുമാണ് ഇത്തവണ ദോഫാറിൽ ഒരുക്കിയത്. ദോഫാർ മുനിസിപ്പാലിറ്റിയുടെയും ഒമ്രാൻ ഗ്രൂപ്പിന്റെയും പങ്കാളിത്തത്തോടെ സലാലയിൽ 30 ലക്ഷം റിയാൽ മൂല്യമുള്ള നാല് ടൂറിസം പദ്ധതികളുടെ വികസനം പൂർത്തിയാക്കിയിട്ടുണ്ട്. മുഗ്സെയിൽ വാട്ടർഫ്രണ്ട്, ഹംറീർ വ്യൂ, ദർബാത്ത് വ്യൂ, ഐൻ ജർസിസ് എന്നീ പദ്ധതികളാണ് പൂർത്തീകരിച്ചത്. പ്രദേശത്തെത്തുന്ന സന്ദർശകർക്ക് വ്യതിരിക്തമായ അനുഭവങ്ങൾ നൽകുന്നതിന് സഹായിക്കുന്നതാണ് പുതിയ സൗകര്യങ്ങൾ. 1,74,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന മുഗ്സെയിൽ വാട്ടർഫ്രണ്ട് പദ്ധതിയിൽ പാർക്കിങ് സ്ഥലങ്ങൾ, ഇവന്റുകൾ, ആക്റ്റിവിറ്റികൾ, ഫുഡ് കിയോസ്ക്കുകൾ, റസ്റ്റാറന്റുകൾ, ബീച്ചിലെ കാൽനടസ്ഥലം, സിറ്റിങ് ഏരിയകൾ, പിക്നിക് സ്പോട്ടുകൾ, വ്യായാമ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.