റഷ്യ-യുക്രെയ്​ൻ പ്രതിസന്ധി: സംയമനം പാലിക്കണം -ഒമാൻ

മസ്കത്ത്​: റഷ്യ-യുക്രൈയ്​ൻ ​പ്രശ്നങ്ങൾ വഷളാകാതിരിക്കാന്‍ സംയമനം പാലിക്കണമെന്ന്​ ഒമൻ വിദേശകാര്യമന്ത്രി മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദി പറഞ്ഞു. ഔദ്യോഗിക സന്ദർശനത്തിനെത്തിയ റഷ്യൻ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായി നടത്തിയ സംയുക്​ത വാർത്ത സമ്മേളനത്തിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. അഭിപ്രായവ്യത്യാസങ്ങള്‍ സമാധാനപരമായി പരിഹരിക്കാനും എല്ലാ കക്ഷികളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇറാനിലെ ആണവ പ്രശ്‌നത്തില്‍ ചര്‍ച്ചകള്‍ വിജയിപ്പിക്കുന്നതിനായുള്ള എല്ലാ ശ്രമങ്ങളെയും ഒമാന്‍ പിന്തുണക്കും. ഇരട്ട നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച കരാറിലും ഒമാന്‍, റഷ്യ പൗരന്‍മാര്‍ക്ക് യാത്രക്ക് വിസ ഒഴിവാക്കുന്നതിനുള്ള കരാറിുലും ഉടന്‍ ഒപ്പുവെക്കുമെന്നും സയ്യിദ് ബദര്‍ അല്‍ ബുസൈദി പറഞ്ഞു.

ഒമാന്റെ സമാധാന ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. യുക്രൈനിലെ റഷ്യന്‍ ഇടപെടലുകള്‍ സംബന്ധിച്ചും ഒമാന്റെ ഭാഗം ഞങ്ങളെ അറിയിച്ചുവെന്നും വിഷയത്തില്‍ സുല്‍ത്താനേറ്റിന്റെ നിലപാട് സന്തുലിതമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സുൽത്താൻ ഹൈതം ബിൻ താരിഖുമായും സെർജി ലാവ്‌റോ കൂടിക്കാഴ്ച നടത്തി. അൽ ബറക കൊട്ടാരത്തിൽ നടത്തിയ കൂടിക്കാഴ്ചയിൽ റഷ്യ - യുക്രെയ്ൻ സംഘർഷത്തിന് സംഭാഷണത്തിലൂടെ നയതന്ത്ര, രാഷ്ട്രീയ പരിഹാരം കാണണമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ് പറഞ്ഞു​. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുകയും രക്തച്ചൊരിച്ചിൽ ഒഴിവാക്കുകയും മാനുഷിക വശങ്ങൾ കണക്കിലെടുക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യക്ത ഊന്നിപ്പറഞ്ഞ സുൽത്താൻ രാജ്യങ്ങളുടെയും ജനങ്ങളുടെയും സഹവർത്തിത്വവും സ്വാതന്ത്ര്യവും പരമാധികാരവും കാത്തുസൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

കൂടിക്കാഴ്ചയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ആശംസകൾ സുൽത്താന്​ റഷ്യൻ വിദേശികാര്യമന്ത്രി കൈമാറി. ഒമാനിലെത്തിയ സെർജി ലാവ്‌റോവ്​ക്ക്​ ഊഷ്മളമായ വര​വേൽപ്പാണ്​ നൽകിയത്​. അംബാസഡർ ഡോ. ഖാലിദ് ബിൻ സഈദ് അൽ ജറാദിയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ വിഭാഗം മേധാവിയും മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. സന്ദർശനത്തിന്‍റെ ഭാഗമായി വിവിധ കരാറുകളിൽ ഒപ്പിടുകയും ഉന്നത​ നേതാക്കളുമായി കൂടിക്കാഴ്​ച നടത്തുകയും ചെയ്യും.

Tags:    
News Summary - Oman about Russia-Ukraine crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.