മസ്കത്ത്: ഹരിത ഹൈഡ്രജന്റെ ഉൽപാദനത്തിനും കയറ്റുമതിക്കുമുള്ള കേന്ദ്രമായി ഒമാനെ മാറ്റുകയെന്ന ലക്ഷ്യവുമായി ഊർജ, ധാതു മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട ഉപദേശങ്ങളും മറ്റും നൽകുന്നതിന് വിദഗ്ധ സമിതിയെ നിയമിക്കും. ഈ മേഖലയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമനിർമാണങ്ങൾ ഇത് വിലയിരുത്തുകയും പഠിക്കുകയും ചെയ്യും. ഗ്രീൻ ഹൈഡ്രജന്റെ ഉൽപാദന മേഖലയിലെ നിക്ഷേപവും അതിന്റെ പര്യാപ്തതയെ കുറിച്ചും വിശകലനം ചെയ്യും. ആവശ്യമെങ്കിൽ, ഒമാനെ ആഗോള ക്ലീൻ ഹൈഡ്രജൻ ഹബ്ബാക്കി മാറ്റുന്നതിന് പ്രത്യേക നിയമങ്ങൾ ഉണ്ടാക്കുമെന്ന് മന്ത്രാലയത്തിലെ റിന്യൂവബിൾ എനർജി ആൻഡ് ഹൈഡ്രജൻ ഡയറക്ടർ ജനറൽ എൻജിനീയർ അബ്ദുൽ അസീസ് സഈദ് അൽ ഷെദാനി പറഞ്ഞു.
ഗ്രീൻ ഹൈഡ്രജൻ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) ആകർഷിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. നല്ല പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു. ഹരിത ഹൈഡ്രജന്റെ ഉൽപാദനത്തിൽ ഒമാന് സുപ്രധാന പങ്കുവഹിക്കാൻ കഴിയും. സൗരോർജം, കാറ്റിന്റെ ഊർജം, മതിയായ ഭൂമി എന്നിവ ഉൾപ്പെടെയുള്ള പ്രധാന വിഭവങ്ങൾ രാജ്യത്തിന് അനുകൂലമാകുന്ന ഘടകങ്ങളാണ്. ഊർജ ഉൽപാദനത്തിലും കയറ്റുമതിയിലും രാജ്യത്തിന് വിപുലമായ അനുഭവമുണ്ട്. ഈ മേഖലയിലെ രാജ്യങ്ങളുടെ മുൻനിരയിലാണ് ഒമാനെന്നും അദ്ദേഹം പറഞ്ഞു. ഗ്രീൻ ഹൈഡ്രജൻ മേഖലയിൽ മുന്നോട്ടുള്ള പോക്കിന് പങ്കാളിത്തം ആവശ്യമാണെന്ന് മനസ്സിലാക്കി 2021 ആഗസ്റ്റിൽ ഊർജ, ധാതുമന്ത്രാലയം ഒരു ദേശീയ സഖ്യം സ്ഥാപിച്ചിരുന്നു. ഹൈഡ്രജന്റെ പ്രാദേശിക ഉൽപാദനം, ഗതാഗതം, ഉപയോഗം, കയറ്റുമതി എന്നിവയെ പിന്തുണക്കുന്ന പൊതു-സ്വകാര്യ മേഖലകളിലെ 13 പ്രധാന സ്ഥാപനങ്ങളാണ് ഈ സഖ്യത്തിൽ ഉൾപ്പെടുന്നത്. ഹരിത ഹൈഡ്രജൻ മേഖലയെ നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ഈ മേഖലയുടെ വളർച്ചക്ക് ആവശ്യമായ നിയമ ചട്ടക്കൂടുകളും നയങ്ങളും വികസിപ്പിക്കുന്നതിനുമുള്ള നിർദേശങ്ങളും മാർച്ചിൽ നടന്ന മന്ത്രിസഭയോഗത്തിൽ സുൽത്താൻ ഹൈതം ബിൻ താരിക്ക് പുറപ്പെടുവിച്ചിരുന്നു.
ഈ മേഖലയിൽ നിലവിലുള്ള നിരവധി പദ്ധതികൾ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് ഊർജ, ധാതു മന്ത്രാലയത്തിലെ റിന്യൂവബിൾ എനർജി ആൻഡ് ഹൈഡ്രജൻ ഡയറക്ടർ ജനറൽ പറഞ്ഞു.
രാജ്യത്തെ പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണ് ഹൈപോർട്ട് ദുകം. ഒ.ക്യൂ ഗ്രൂപ്പും ബെൽജിയൻ ഡി.ഇ.എം.ഇ ഗ്രൂപ്പും തമ്മിലുള്ള പങ്കാളിത്തത്തോടെയാണ് ഇതിന്റെ നിർമാണം. ദുകമിലെ (സെസാദ്) പ്രത്യേക സാമ്പത്തിക മേഖലക്കുള്ളിൽ ബദൽ ഊർജത്തിനായി അനുവദിച്ച സ്ഥലത്താണ് ഹൈപോർട്ട് ദുകം പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഏകദേശം 150 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് 1.3ജിഗാവാട്ട് ശേഷിയുള്ള കാറ്റാടി വൈദ്യുതി നിലയവും സോളാർ പവർ പ്ലാന്റും സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.