മസ്കത്ത്: ഒമാൻ എണ്ണവില വീണ്ടും ഉയർന്ന് ബുധനാഴ്ച 90.41 ഡോളറിലെത്തി. ചൊവ്വാഴ്ച 89.21 ഡോളറായിരുന്നു. ബുധനാഴ്ച 1.20 ഡോളർ വർധിച്ച് പുതിയ വിലയിലെത്തുകയായിരുന്നു. ഇത് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.
കഴിഞ്ഞ വർഷം നവംബർ എട്ടിനാണ് സമാനമായ വിലയുണ്ടായത്. ഈ വർഷം എണ്ണവില കുറഞ്ഞ് 67 ഡോളർ വരെ എത്തിയിരുന്നു. വില കുത്തനെ ഇടിഞ്ഞതോടെ സൗദി അറേബ്യയും ഒപെക് അംഗരാജ്യങ്ങളും ഉൽപാദനം വെട്ടിക്കുറച്ചതോടെയാണ് വില ഉയരാൻ തുടങ്ങിയത്. പ്രധാന എണ്ണ ഉൽപാദന രാജ്യമായ സൗദി അറേബ്യ ദിവസേനയുള്ള ഉൽപാദനം ഒരു ദശലക്ഷം ബാരൽ കുറക്കാൻ മാസങ്ങൾക്കു മുമ്പ് തീരുമാനിച്ചിരുന്നു. മാർക്കറ്റിൽ ഡിമാൻഡില്ലാത്തതിനാൽ റഷ്യയും എണ്ണ ഉൽപാദനം വെട്ടിക്കുറച്ചിരുന്നു. ഈ വർഷം ഒക്ടോബർ വരെയാണ് വെട്ടിച്ചുരുക്കൽ തീരുമാനിച്ചിരുന്നത്. എന്നാൽ, സമയപരിധി ഇനിയും ദീർഘിപ്പിക്കാനാണ് സാധ്യത. തണുപ്പുകാലമാവുന്നതോടെ എണ്ണ ഉപഭോഗം വർധിച്ചതാണ് വില വർധിക്കാൻ പ്രധാന കാരണം.
അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ എണ്ണ ഉപഭോഗം വർധിച്ചിട്ടുണ്ട്. കഴിഞ്ഞമാസം 24 മുതലാണ് എണ്ണവില ദിവസേന ഉയരാൻ തുടങ്ങിയത്. നിലവിലെ അവസ്ഥയിൽ വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വിദഗ്ധർ വിലയിരുത്തുന്നു. വില വർധിക്കുന്നത് ഒമാൻ അടക്കമുള്ള എണ്ണ ഉൽപാദന രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥക്ക് അനുഗ്രഹമാവും. ഒമാൻ ബജറ്റിൽ എണ്ണവില ബാരലിന് 50 ഡോളറാണ് കണക്കാക്കിയിരിക്കുന്നത്. എണ്ണക്ക് കൂടുതൽ വില ലഭിക്കുന്നത് രാജ്യത്തിന്റെ കമ്മിബജറ്റ് മിച്ചത്തിലാവാനും കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കാനും കഴിയും. രാജ്യത്തിന്റെ എല്ലാ മേഖലയിലുമുള്ള വികസനത്തിന് ഇത് വഴിയൊരുക്കും.
എന്നാൽ, എണ്ണവില വർധിക്കുന്നത് ഇന്ത്യ അടക്കമുള്ള ഉപഭോഗ രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കും. ഇത്തരം രാജ്യങ്ങളിൽ പണപ്പെരുപ്പം വർധിക്കാനും കാരണമാവും. ഇത് ഉൽപന്നങ്ങളുടെ വിലയും വർധിപ്പിക്കും. ഇതുമൂലം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ വില വർധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.