മസ്കത്ത്: ഫ്രാൻസിലെ കാനിൽ നടന്ന ഗ്ലോബൽ അർബൻ ഫെസ്റ്റിവലിൽ പങ്കാളിയായി ഒമാൻ. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് ഭവന, നഗര ആസൂത്രണ മന്ത്രാലയമാണ് പങ്കെടുത്തത്.
ഭാവിയിലെ നഗരവികസനത്തിനായുള്ള തങ്ങളുടെ കാഴ്ചപ്പാട് ആഗോള പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കാനായിരുന്നു സുൽത്താനേറ്റ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിട്ടത്.
അന്താരാഷ്ട്ര നഗര ജീവിത നിലവാരങ്ങൾ പാലിച്ച് ആധുനികവും സുസ്ഥിരവുമായ നഗരങ്ങൾ നിർമിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ ഫെസ്റ്റിവലിൽ ഒമാൻ അവതരിപ്പിക്കുകയുണ്ടായി. 90 രാജ്യങ്ങളിലായി 300 അന്താരാഷ്ട്ര സ്ഥാപനങ്ങളിൽനിന്നുള്ള 6,500ലധികം നിക്ഷേപകരും പ്രതിനിധികളുമായിരുന്നു മേളയിൽ പങ്കെടുത്തിരുന്നത്.
ഇത്തരം വിദേശ നിക്ഷേപകർക്ക് സുൽത്താനേറ്റിലെ ലഭ്യമായ നിക്ഷേപ അവസരങ്ങളും മറ്റും വിശദീകരിച്ച് കൊടുക്കാനും പങ്കാളിത്തത്തിലൂടെ ഒമാന്‍ സാധിച്ചു.
മസ്കത്തിലെ അൽ ഖുവൈർ ഡൗൺടൗൺ വികസനങ്ങളടക്കമുള്ള പദ്ധതികളായിരുന്നു അവതരിപ്പിച്ചത്.
1.3 ശതകോടി യു.എസ് ഡോളർ ചിലവഴിച്ച് അൽ ഖുവൈർ ഡൗൺടൗൺ ആൻഡ് വാട്ടർ ഫ്രണ്ട് ഡെവലപ്മെൻറ് പദ്ധിതി മസ്കത്തിന്റെ മുഖച്ഛായതന്നെ മാറ്റുന്നതായിരിക്കും. സഹ ഹദീദ് ആർക്കിടെക്റ്റ് രൂപകൽപന ചെയ്ത പദ്ധതി 3.3 ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്താണ് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.