മസ്‌കത്ത്: ലബനൻ പ്രദേശങ്ങളിൽ ഇസ്രായേൽ അധിനിവേശ സേന (ഐ.ഒ.എഫ്) നടത്തിയ വ്യോമാക്രമണത്തെ ഒമാൻ അപലപിച്ചു. ഈ നടപടി മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കുകയും കൂടുതൽ അക്രമത്തിലേക്കും അസ്ഥിരതയിലേക്കും നയിക്കുന്ന ഗുരുതരമായ സാഹചര്യം സഷ്ടിക്കുമന്ന് ഒമാൻ അഭിപ്രായപ്പെട്ടു.അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു.
ലബനാനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഒമാൻ, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ഇരകളുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ലബനാന്‍റെ പരമാധികാരത്തിന്‍റെയോ പ്രദേശിക സമഗ്രതയുടെയോ ലംഘനങ്ങളെ പൂർണമായി നിരാകരിക്കുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
ലബനാനിൽ രണ്ടു ദിവസമായി ഇസ്രായേൽ തുടരുന്ന കനത്ത വ്യോമാക്രമണത്തിൽ 500ന് മുകളിൽ ആളുകളാണ് കൊല്ലപ്പെട്ടത്. ഇവരിൽ 50 പേർ കുട്ടികളാണെന്ന് ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1835 പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ബൈറൂത്തിലും ചൊവ്വാഴ്ച ഇസ്രായേൽ ബോംബുകൾ വർഷിച്ചു.
തിങ്കളാഴ്ച തുടങ്ങിയ ആക്രമണം കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെ യുദ്ധഭീതിയിൽ തെക്കൻ ലബനാനിൽനിന്ന് ആയിരങ്ങൾ പലായനം ചെയ്തു. ബൈറൂത്തിലെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആറു നിലയുള്ള താമസസമുച്ചയത്തിന്‍റെ മൂന്നുനില തകർന്നു. ഇസ്രായേലും ഹമാസും ആക്രമണം തുടരുന്നതോടെ മേഖലയിൽ യുദ്ധം വ്യാപിക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.