മസ്കത്ത്: സ്വകാര്യ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് വിഭാഗം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല ഖാമിസ് അൽ ബുസൈദി സർക്കുലർ പുറപ്പെടുവിച്ചു. നവംബർ ഒന്നിന് സ്കൂളുകളിൽ പുതിയ അക്കാദമിക വർഷം ആരംഭിക്കാനുള്ള സുപ്രീം കമ്മിറ്റി തീരുമാനത്തിെൻറ പശ്ചാത്തലത്തിലാണ് സർക്കുലർ.
സാമൂഹിക അകലമടക്കം എല്ലാവിധ സുരക്ഷ നടപടികളും പാലിച്ചാകണം ക്ലാസ്. ഒന്നുമുതൽ 11 വരെ ഗ്രേഡുകളിൽ ഹാജരാകുന്ന കുട്ടികളുടെ എണ്ണം സ്കൂളിെൻറ ശേഷിക്കനുസരിച്ച് 50- 50 അല്ലെങ്കിൽ 33-33-33 ശതമാനത്തിൽ നിജപ്പെടുത്തണം. 12ാം ഗ്രേഡ് വിദ്യാർഥികൾക്ക് മുഴുവൻ സ്കൂൾ സമയം അല്ലെങ്കിൽ ഗ്രൂപ്പുകളായി തിരിച്ച് പ്രതിവാര പഠന സമ്പ്രദായം എന്നീ രീതികൾ സ്വീകരിക്കാം.
ആരോഗ്യ സുരക്ഷ ആശങ്കകളാൽ ഒന്നുമുതൽ 12 വരെ ഗ്രേഡുകളിലെ വിദ്യാർഥികളെ സ്കൂളിലയക്കാൻ താൽപര്യമില്ലാതെ ഒാൺലൈൻ പഠനം തുടരാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ ബന്ധപ്പെട്ട സ്കൂൾ അധികൃതർക്ക് അപേക്ഷ എഴുതിനൽകണം. സ്കൂളിന് ഒാൺലൈൻ പഠനം ഒരുക്കാൻ സാധിക്കാത്ത അവസ്ഥയാണെങ്കിൽ രക്ഷാകർത്താവ് ഒാൺലൈൻ പഠനസൗകര്യം ലഭിക്കുന്ന മറ്റൊരു സ്കൂൾ കണ്ടെത്തണം. സ്കൂളിന് സാധ്യമാകുന്നപക്ഷം ഒന്നുമുതൽ 11 വരെ ഗ്രേഡുകളിലുള്ളവർക്ക് മുഴുസമയ ഒാൺലൈൻ പഠനം തുടരാം. കിൻറർഗാർട്ടൻ ക്ലാസുകൾ ഒാൺലൈൻ പഠനസൗകര്യമില്ലെങ്കിൽ പ്രവർത്തിക്കാൻ പാടില്ല.
പ്രവർത്തനരീതി എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച പദ്ധതി ഇനിയും സമർപ്പിക്കാത്ത സ്കൂളുകൾക്ക് അധ്യയന വർഷം ആരംഭിക്കാൻ സാധിക്കില്ല. മന്ത്രാലയത്തിെൻറ അനുമതി ലഭിക്കാതെ ക്ലാസുകൾ ആരംഭിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും വിദ്യാഭ്യാസ മന്ത്രാലയം സർക്കുലറിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.