മികച്ച പാർലമെന്റേറിയനെയും വാഗ്മിയെയും, വരേണ്യതയുടെ ചില്ലുകൂട്ടിൽനിന്ന് ഇറങ്ങി അടിയാളർക്കും അധ്വാനവർഗത്തിനുമായി ജീവിതം സമർപ്പിച്ച പോരാളിയെയുമാണ് നഷ്ടമായത്. 2016ൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിച്ച ശ്രീനാരായണഗുരു അനുസ്മരണ പ്രഭാഷണത്തിനായി യെച്ചൂരി ഒമാനിൽ എത്തിയിരുന്നു.
സമകാലിക രാഷ്ട്രീയത്തില്‍ മതേതര മൂല്യങ്ങളും ജനാധിപത്യ വിശ്വാസങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യന്‍ ജനതക്ക് നേതൃത്വം നല്‍കിയിരുന്ന നേതാവായിരുന്നു യെച്ചൂരി. അദ്ദേഹത്തിന്റെ വിയോഗം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടൊപ്പംതന്നെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും തീരാനഷ്ടമാണ്. സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ മറ്റു ജനാധിപത്യ പ്രസ്ഥാനങ്ങളോടൊപ്പം കേരള വിഭാഗത്തിന്റെയും അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതായി കൺവീനർ സന്തോഷ് കുമാർ പറഞ്ഞു.
സീതാറാം യെച്ചൂരിയുടെ നിര്യാണം മതനിരപേക്ഷ ഇന്ത്യയിലെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമണെന്ന് കൈരളി ഒമാൻ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിൽ കർഷക തൊഴിലാളി വർഗ രാഷ്ട്രീയം കൃത്യമായ പ്രത്യയശാസ്ത്ര കാഴ്ചപ്പാടോടെ കെട്ടിപ്പടുക്കാൻ നിസ്വാർഥമായി ശ്രമിച്ച രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പൊതുമണ്ഡലത്തിലെയും പാർലമെന്റിലെയും അദ്ദേഹത്തിന്റെ ഇടപെടലുകൾ രാജ്യത്തിന്റെ മതേതര ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ ഉതകുന്നതായിരുന്നു. വർത്തമാനകാല ഇന്ത്യയിൽ യെച്ചൂരിയെപ്പോലുള്ള രാഷ്ട്രീയ നേതാവിന്റെ വിടവ് വളരെ വലുതായിരിക്കും.
സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ലോകത്തിന്റെ നാനായിടങ്ങളിലുമുള്ള ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങളോടൊപ്പം കൈരളി ഒമാനും അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതായി വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
സീതാറാം യെച്ചൂരിയുടെ വിയോഗം മതേതര ഇന്ത്യയുടെ തീരാനഷ്ടമാണെന്ന് മസ്കത്ത് കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് റയീസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകൾകൊണ്ട് ഏറെ ശ്രദ്ധേയനായ നേതാവായിരുന്നു യെച്ചൂരി. രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ എക്കാലത്തും ഓർമിക്കുമെന്നും അഹമ്മദ് റയീസ് കൂട്ടിച്ചേർത്തു. യെച്ചൂരിയുടെ വിയോഗത്തിൽ മസ്കത്ത് കെ.എം.സി.സി അനുശോചിച്ചു.
ഇന്ത്യയിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളർച്ചക്ക് പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി. അദ്ദേഹത്തിന്റെ വിയോഗം ഇൻഡ്യ മുന്നണിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും തീരാനഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. വിയോഗത്തിൽ മൈത്രി മസ്കത്ത് ആദരാഞ്ജലികൾ അർപ്പിക്കുകയാണെന്ന് കൺവീനർ മനോഹർ മണിക്കത്ത് പറഞ്ഞു.
സീതാറാം യെച്ചൂരിയുടെ വിയോഗം ഇൻഡ്യ മുന്നണിക്ക് തീരാനഷ്ടമാണ്. ജനാധിപത്യ മതേതര മുന്നണിയായ ഇൻഡ്യ സഖ്യം രൂപവത്കരിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ഫാഷിസ്റ്റ് വർഗീയതയെ ചെറുക്കാൻ സ്വന്തം ആശയം മുറുകെപ്പിടിച്ച പോരാളിയുമായിരുന്നു അന്തരിച്ച സഖാവ് യെച്ചൂരിയെന്ന് മുതിർന്ന കോൺഗ്രസ് /ഒ.ഐ.സി.സി ഇൻകാസ് നേതാവ് എൻ.ഒ. ഉമ്മൻ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗം സി.പി.എമ്മിന് മാത്രമല്ല, ഇന്ത്യൻ തൊഴിലാളി വർഗത്തിനു പൊതുവിലും മതേതര പുരോഗമന ശക്തികൾക്കും തീരാനഷ്ടമാണെന്ന് ലോക കേരളസഭാംഗവും പ്രവാസി ക്ഷേമനിധി ബോർഡ് അംഗവുമായ വിൽസൺ ജോർജ് പറഞ്ഞു.
നവ ലിബറല്‍ കാലത്തെ ഇന്ത്യൻ ഭരണകൂടത്തിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകൾക്ക് എതിരെയും വർത്തമാനകാല ഇന്ത്യയിലെ വർഗീയ ഫാഷിസ്റ്റ് കടന്നാക്രമണങ്ങൾക്കെതിരെയും തൊഴിലാളി വർഗത്തിന്റെ ചെറുത്തുനിൽപിന് ദിശാബോധം നൽകിയ പോരാളിയും ധീഷണാശാലിയുമായിരുന്നു സീതാറാം യെച്ചൂരി. അദ്ദേഹത്തിന്റെ ധീരമായ ഓർമകൾ തൊഴിലാളി വർഗത്തിന്റെ വരുംകാല പോരാട്ടങ്ങൾക്ക് ശക്തി പകരും.
ജനസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച സീതാറാം യെച്ചൂരിയുടെ വിയോഗം മതേതര ഇന്ത്യക്ക് തീരാനഷ്ടമാണെന്ന് സിദ്ദീഖ് ഹസ്സൻ പറഞ്ഞു. ജനാധിപത്യം, മതനിരപേക്ഷ, സാമൂഹികനീതി തുടങ്ങിയ തത്ത്വങ്ങളോട് യെച്ചൂരി പ്രകടിപ്പിച്ച അചഞ്ചലമായ പ്രതിബദ്ധത എക്കാലവും സ്മരിക്കപ്പെടും.
ന്യൂനപക്ഷത്തിനും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിനും കര്‍ഷകര്‍ക്കും വേണ്ടിയും തീവ്ര പ്രത്യയശാസ്ത്രങ്ങള്‍ക്ക് എതിരായും യെച്ചൂരി സ്വീകരിച്ച നിലപാടുകളും ഇടപെടലുകളും വരുംകാല സമൂഹത്തിനും മാതൃകയാണ്. ഇടതുപക്ഷത്തെ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമാക്കിയ മൂന്നാം മുന്നണിയുടെ പിന്നണിയിലും അദ്ദേഹത്തിന്റെ മികച്ച ഇടപെടലുകളുണ്ടായിരുന്നു.
യു.പി.എ -ഇടത് ബന്ധത്തിലെ സുപ്രധാന കണ്ണികൂടിയായിരുന്ന സീതാറാം യെച്ചൂരി. ഏറെ സന്ദേശങ്ങള്‍ സമൂഹത്തിന് സമ്മാനിച്ചാണ് കടന്നുപോകുന്നത്. മതേതര ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിന് യെച്ചൂരിയുടെ ആശയങ്ങളും നിലപാടുകളും പിന്തുടരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.