മസ്കത്ത്: ഗസ്സയിൽനിന്ന് ഇസ്രായേൽ സേനയെ പൂർണമായി പിൻവലിച്ച് സ്ഥിരമായി വെടിനിർത്തുകയും മനുഷ്യരുടെ ദുരിതങ്ങൾക്ക് അറുതി വരുത്തുകയും വേണമെന്ന് ഒമാൻ ആവശ്യപ്പെട്ടു. ഇൻഡിപെൻഡന്റ് ഇന്റർനാഷനൽ കമ്മീഷൻ ഓഫ് എൻക്വയറി റിപ്പോർട്ടിന്മേൽ യു.എന്നിൽ നടന്ന ചർച്ചയിൽ ഐക്യരാഷ്ട്രസഭയിലെയും ജനീവയിലെ അന്താരാഷ്ട്ര സംഘടനകളിലെയും ഒമാന്റെ സ്ഥിരം പ്രതിനിധി അംബാസഡർ ഇദ്രിസ് ബിൻ അബ്ദുൽറഹ്മാൻ അൽ ഖഞ്ജരിയാണ് ഇക്കാര്യം ഉന്നയിച്ചത്.
ഒക്ടോബർ ഏഴിന് എന്താണ് സംഭവിച്ചതെന്നും അതിനെ തുടർന്നുള്ള സംഭവങ്ങളും പരിശോധിക്കാൻ ആവശ്യപ്പെടുന്ന വസ്തുതാന്വേഷണ സമിതിയുടെ റിപ്പോർട്ടിന് ഒമാൻ പ്രതിനിധി സംഘം നന്ദി പറയുകയാണെന്ന് അംബാസഡർ പറഞ്ഞു.
ഗസ്സ മുനമ്പിലെയും വെസ്റ്റ് ബാങ്കിലും നടക്കുന്ന ദാരുണമായ സംഭവങ്ങൾ അധിനിവേശ ഭരണകൂടത്തിന്റെ യാഥാർഥ്യത്തെയും മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളെയും ലോകമെമ്പാടും തുറന്നുകാട്ടുന്നതാണ്.
ചില അംഗരാജ്യങ്ങളുടെ ആധിപത്യം കാരണം ഐക്യരാഷ്ട്ര സഭക്ക് ഇരട്ടത്താപ്പ് നയത്തെ മറികടക്കാൻ കഴിയില്ലെന്ന് ഈ സംഭവങ്ങൾ തെളിയിച്ചു. അന്താരാഷ്ട്ര നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നത് തടസ്സപ്പെടുത്തുകയും അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിന് സാധാരണക്കാരും കുട്ടികളും സ്ത്രീകളും വൃദ്ധരും കൊല്ലപ്പെടുകയും 1,30,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതുൾപ്പെടെ, ഇസ്രായേൽ നടത്തിയ യുദ്ധക്കുറ്റങ്ങളുടെ ഡോക്യുമെന്റേഷനിൽ കമ്മിറ്റി റിപ്പോർട്ട് ചെയ്ത ചില കാര്യങ്ങളോട് ഒമാൻ യോജിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തികൾ തുറക്കേണ്ടതിന്റെയും കുടിയൊഴിപ്പിക്കപ്പെട്ടവർ അവരുടെ വീടുകളിലേക്ക് മടങ്ങേണ്ടതിന്റെയും മാനുഷിക സഹായവും വാണിജ്യ വസ്തുക്കളെത്തിക്കുന്നതിന്റെ പ്രധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നീതിന്യായ കോടതി അംഗീകരിച്ച താൽകാലിക നടപടികൾ ഇസ്രായേൽ പാലിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.