മസ്കത്ത്: മസ്കത്തിലെ മനോഹരമായ ചുരം റോഡിലൊന്നായ അമീറാത്ത്- ബോഷർ റോഡിൽ മികച്ച സുരക്ഷ സംവിധാനങ്ങൾ ഒരുക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി.
അപകടങ്ങളും മറ്റു സുരക്ഷ പ്രശ്നങ്ങളുമുള്ള ചുരം റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടൻ കൺസൾട്ടൻസിയെ നിയമിക്കും. റോഡിന്റെ സുരക്ഷ പ്രശ്നങ്ങൾ ആഴത്തിൽ പഠിക്കുകയും മികച്ച ഗതാഗത സുരക്ഷ പരിഹാരങ്ങൾ കണ്ടെത്തുകയുമാണ് കൺസൾട്ടൻസിയുടെ ചുമതല.
റോഡിന്റെ രേഖാഗണനം മെച്ചപ്പെടുത്തുകയും റോഡിൽ അഴുക്കുചാൽ സംവിധാനം ഉണ്ടാക്കുകയും റോഡിന് അനുയോജ്യമായ ഗതാഗത നിയന്ത്രണ യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനാവശ്യമായ പഠനം നടത്തുകയും കൺസൾട്ടൻസിയുടെ ചുമതലയാണ്.
ടെൻഡർ സംബന്ധമായ രേഖകൾ സ്വീകരിക്കാനുള്ള അവസാന തീയതി നവംബർ ഏഴിനാണ്. അത് അധികൃതർക്ക് സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 26 ആണ്. പദ്ധതി പൂർത്തിയാകുന്നതോടെ ഗതാഗത മേഖലയിൽ നാഴികക്കല്ലാകുമെന്നാണ് അധികൃതർ കരുതുന്നത്.
അതിനിടെ ഈ മേഖലയിൽ വാഹനമോടിക്കുന്നവരും നാട്ടുകാരും നിരവധി നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അമീറാത്ത് ബൗഷർ റൂട്ടിൽ ടണൽ റോഡ് നിർമിക്കുന്നതാണ്. നിലവിലുള്ള അമിറാത്ത്- ബൗഷർ റോഡ് നിലനിർത്തിക്കൊണ്ടുതന്നെ ടണൽ റോഡ് നിർമിക്കാമെന്നും ഇവർ പറയുന്നു.
ടണൽ റോഡ് അമിറാത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്നും അമിറാത്തിൽ ഭൂമിയുടെ വില വർധിപ്പിക്കാൻ വിനോദ സഞ്ചാര വാണിജ്യ മേഖല വളരാനും വഴി ഒരുക്കും. നിലവിലെ റോഡിൽ പൊലീസ് റോന്ത് ചുറ്റൽ വർധിപ്പിക്കണമെന്നും പൊതുജനങ്ങൾ നിർദേശം വെക്കുന്നുണ്ട്.
ഒമാനിലെ പ്രധാന ചുരം റോഡായ അമിറാത്ത്-ബൗഷർ റോഡ് ഗതാഗത രംഗത്ത് വൻ ചുവടുവെപ്പാണ്. ബൗഷർ ഭാഗത്തുനിന്ന് വരുന്നവർക്ക് എളുപ്പത്തിൽ അമിറാത്തിലേക്കും ഖുറിയാത്ത്, സൂർ ഭാഗങ്ങളിലേക്കും എത്തിച്ചേരാൻ റോഡ് സഹായകമായിരുന്നു. ഇതുകാരണം സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ തിരക്ക് കുറക്കാനും സഹായകമായിരുന്നു. എന്നാൽ, ഈ റോഡിൽ നിരവധി അപകടങ്ങളാണ് നടക്കുന്നത്.
വാഹനം ഓടിക്കുന്നവരുടെ ചെറിയ അശ്രദ്ധപോലും വൻ ദുരന്തത്തിലേക്ക് നയിക്കാറുണ്ട്. നിരവധി മരണങ്ങൾക്ക് കാരണമായ അപകടങ്ങളും ഈ റോഡിലുണ്ടായിട്ടുണ്ട്. മഴയും മറ്റ് കാലാവസ്ഥ പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ റോഡുമായി ബന്ധപ്പെട്ട മലകൾ ഇടിഞ്ഞുവീഴുന്ന അനുഭവങ്ങളും ഉണ്ടാകാറുണ്ട്. സുരക്ഷ പ്രശ്നങ്ങളാൽ റോഡ് നിരവധി തവണ അടച്ചിടുകയും ചെയ്തിരുന്നു.
ഏതായാലും സുരക്ഷ പ്രശ്നങ്ങൾ കണ്ടെത്തുകയും അവക്ക് പരിഹാരം നിർദേശിക്കുന്നതും ഈ മേഖലയിലെ യാത്രക്കാർക്കും താമസക്കാർക്കും വലിയ അനുഗ്രഹമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.