മസ്കത്ത്: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമദ് അൽ ജാബിർ അൽ സ്സബാഹിന്റെ വിയോഗത്തിൽ ദുഃഖം പ്രകടിപ്പിച്ച് ഒമാനിൽ പ്രഖ്യാപിച്ച പൊതുഅവധി കടന്നുപോകുന്നത് ആഘോഷവും ആരവുമില്ലാതെ. തിങ്കളാഴ്ചവരെ മൂന്നു ദിവസത്തെ അവധിയാണ് രാജ്യത്ത് നൽകിയത്. പൊതുഅവധി കാരണം സർക്കാർ ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. റോഡുകളിലും മറ്റും തിരക്ക്തീരെ കുറവായിരുന്നു.
എന്നാൽ, വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും തിരക്ക് അനുഭവപ്പെട്ടു. ഒമാനിൽ സുഖകരമായ കാലവസ്ഥ അനുഭവപ്പെടുന്നുണ്ടെങ്കിലും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കാര്യമായ തിരക്കുണ്ടായരുന്നില്ല. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചുകൊണ്ട് പ്രഖ്യാപനംവന്നത്. എന്നാൽ അപ്പോഴേക്കും വാരാന്ത്യ അവധി കഴിഞ്ഞ് പലരും ഞായറാഴ്ച ഓഫിസിലും ജോലിസ്ഥലത്തും പോവാനുള്ള തിരക്കിലായിരുന്നു.
അതിനാൽ രണ്ട് ദിസവം അവധി ലഭിച്ചിട്ടും പലരും വീടുകളിലും താമസ ഇടങ്ങളിലും തങ്ങുകയായിരുന്നു. അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള അവധി ആയതിനാലാണ് പലരും പുറത്തിറങ്ങലും വിനോദ യാത്രകളും ഒഴിവാക്കിയത്. അതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റും പതിവിൽ കവിഞ്ഞ തിരക്കൊന്നും അനുഭവപ്പെട്ടില്ല.
ഒമാനുമായി നല്ലബന്ധം പുലർത്തുന്ന കുവൈത്ത് അമീറിന്റെ നിര്യാണത്തോട് അനുബന്ധിച്ചു ലഭിച്ച പൊതുഅവധി വിനോദയാത്രക്കും മറ്റും ഉപയോഗപ്പെടുത്തുന്നത് ശരിയായി തോന്നിയില്ലെന്ന് മലപ്പുറം സ്വദേശി ഹബീബ് പറഞ്ഞു. സാധാരണ അവധി ലഭിച്ചാൽ കുടുംബസമേതം പുറത്തേക്കു പോവുന്ന ആളാണ് താനെന്ന് അദ്ദേഹം പറഞ്ഞു.
ഒമാന് പുറത്തു പോവുന്നില്ലെങ്കിൽ സുഹൃത്തുക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പം ഒമാന്റെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു പിക്ക്നിക്കുകൾ പോവാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒമാനെപ്പൊലെ നമ്മുടെ ബന്ധുക്കളും അടുത്തവരുമായ നിരവധിപേർക്ക് അന്നം നൽകുന്ന മണ്ണാണ് കുവൈത്തെന്നും അദ്ദേഹം ഓർമപ്പെടുത്തി.
നാല് ദിവസം തുടർച്ചയായി അവധി ലഭിക്കുന്നത് കാരണം താൽപര്യമില്ലെങ്കിലും ഞാറായഞാഴ്ച വൈകുന്നേരത്തോടെ പുറത്തിറങ്ങിയതായി തൃശൂർ സ്വദേശി കബീർ പറഞ്ഞു. സാധാരണ ഇത്തരം അവധികൾ ലഭിച്ചാൽ നാട്ടിൽ പോവാറാണ് പതിവ്. വാരാന്ത്യ അവധി അടക്കം നാലു ദിവസത്തെ അവധി ലഭിച്ചിരുന്നു.
കുട്ടികളുടെ പരീക്ഷ അവസാനിക്കാറയതിനാൽ വെള്ളി, ശനി ദിവസങ്ങൾ കാര്യമായി പുറത്തിറങ്ങിയിരുന്നില്ല. എന്നാൽ വീണ്ടും രണ്ടു ദിവസം അവധി ലഭിച്ചതോടെ പുറത്തിറങ്ങിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ, അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മാത്രമാണുപോയതെന്നും ദൂര യാത്രകൾ ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു. മുന്നു ദിവസത്തെ പൊതുഅവധി കഴിഞ്ഞ് ചൊവ്വാഴ്ച സർക്കാർ, സ്വകാര്യ മേഖലാസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതോടെ വൻതിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
വിസ സേവന കേന്ദ്രങ്ങളിലും റസിഡന്റ് കാർഡ് നൽകുന്ന കേന്ദ്രങ്ങളിലും നല്ലതിരക്കിനാണ് സാധ്യത. അതിനാൽ അത്യാവശ്യമില്ലാത്തവർ ഇത്തരം സേവനങ്ങൾക്കുപോവുന്നത് അടുത്തആഴ്ചത്തേക്ക് നീട്ടി വെക്കുന്നത് സമയ ലാഭമുണ്ടാക്കാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.