മസ്കത്ത്: വിശ്വാസികളിൽ ആത്മനിർവൃതി പകർന്ന് വിശുദ്ധ റമദാൻ അവസാന പത്തിലേക്ക്. ഇതോടെ മസ്ജിദുകളിൽ ആരാധകരുടെ തിരക്കും വർധിച്ചു. മൂന്നാം വെള്ളിയാഴ്ചയായ ഇന്ന് മസ്ജിദുകൾ നിറഞ്ഞു കവിയും. അവസാന പത്തിലെ പ്രാധാന്യമുള്ള ദിനരാത്രങ്ങളിലൊന്നുകൂടിയാണ് ഇന്നത്തെ വെള്ളിയാഴ്ച. റമദാൻ അവസാന പത്തിലേക്ക് കടക്കുന്നതോടെ സമൂഹ മാധ്യമങ്ങളിൽ അവസാന പത്തിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ടുള്ള സന്ദേശങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവിധ മുസ്ലിം സംഘടനകളുടെ നേതാക്കളും പ്രമുഖരും വാഗ്മികളും സന്ദേശങ്ങളുമായി സജീവമായി രംഗത്തുണ്ട്. അവസാന പത്തിലെ ഏറെ പുണ്യമേറിയ ലൈലത്തുൽ ഖദ്റിന്റെ പ്രാധാന്യം വിവരിക്കുന്ന പ്രഭാഷണങ്ങളും നിരവധിയാണ്.
ഇനിയുള്ള ദിനരാത്രങ്ങൾ ദൈവത്തിലേക്ക് അടുക്കാൻ പരമാവധി ഉപയോഗപ്പെടുത്തുമെന്ന പ്രതിജ്ഞയിലാണ് വിശ്വാസികൾ. രാത്രിയിലെ സാധാരണ പ്രാർഥനകൾക്ക് പുറമെ അർധരാത്രിയിലെ പ്രത്യേക നമസ്കാരവും ചിലർ അനുഷ്ഠിക്കും.
ഖുർആൻ പാരായണവും പ്രാർഥനയും ദൈവ സ്മരണയുമായി നിരവധി വിശ്വാസികൾ മസ്ജിദുകളിൽതന്നെ തങ്ങും. ദാനധർമങ്ങൾക്ക് ഏറെ പുണ്യമുള്ളതിനാൽ വിശ്വാസികൾ കൈയയച്ച് സംഭാവന നൽകുകയും ചെയ്യും. അതേസമയം, റമദാൻ അവസാന പത്തിലെത്തിയതോടെ ഉംറ യാത്രകളും വർധിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ഒഴിഞ്ഞതോടെ നിരവധി പേരാണ് വിശുദ്ധ ഭൂമിയിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ഉംറ മുടങ്ങിയതിനാൽ മക്കയിലും മദീനയിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
മലയാളി സംഘങ്ങളും റോഡ് വഴിയും അല്ലാതെയും ഉംറ യാത്രകൾ നടത്തുന്നുണ്ട്. ഇതോടെ സൗദി അറേബ്യയിലേക്കുള്ള പുതിയ റോഡിലും തിരക്ക് അനുഭവപ്പെടാൻ തുടങ്ങി. സ്വദേശികൾ സ്വന്തം വാഹനത്തിലും അല്ലാതെയും സൗദിയിലേക്ക് യാത്ര ചെയ്യുന്നുണ്ട്.
പുതിയ റോഡിൽ യാത്ര ചെയ്യുന്നവർ ഏറെ ജാഗ്രത പുലർത്തണം. ഏറ്റവും സുരക്ഷിതമായ വാഹനംതന്നെ യാത്രക്ക് ഉപയോഗിക്കണം. വാഹനത്തിന്റെ ടയറുകൾ പുതിയതായിരിക്കുകയും സ്റ്റപ് ടയറുകൾ കൂടുതൽ സൂക്ഷിക്കുകയും വേണം. സാധാരണ ഗതിയിൽ ടയർ കേടുവരുന്ന പ്രശ്നമാണ് വാഹനങ്ങൾക്കുണ്ടാവുക. പുതിയ റോഡിൽ ഏറെ ജാഗ്രതയോടെ വാഹനമോടിച്ചില്ലെങ്കിൽ വൻ അപകടങ്ങൾക്കും കാരണമാകും.
ഏതായാലും രണ്ട് കോവിഡ് റമദാനുകൾക്ക് ശേഷം എത്തിയ നിയന്ത്രണങ്ങളില്ലാത്ത റമദാനിലെ അവസാന പത്ത് പരമാവധി ഉപയോഗപ്പെടുത്താൻ ഒരുങ്ങിയിരിക്കുകയാണ് വിശ്വാസികൾ.
മസ്കത്ത്: ഒമാനിൽനിന്ന് ഈ വർഷം 6,338 ആളുകൾക്ക് ഹജ്ജിന് പോകാൻ അനുമതി ലഭിച്ചതായി അധികൃതർ അറിയിച്ചു. മഹാമാരിയെ തുടർന്ന് തീർഥാടകരുടെ എണ്ണത്തിൽ 45 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളതെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. സൗദി അറേബ്യയുമായുള്ള കരാറും മറ്റ് പദ്ധതികളും ഔഖാഫ്, മതകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് കമ്മിറ്റി യോഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.