മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിലെ റാസൽ ഹദ്ദിലെ മരത്തൂണുകൾ സ്ഥാപിച്ചത് ബീച്ച് നശീകരണ പ്രവർത്തനങ്ങൾ തടയാനാണെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ബീച്ചിന്റെ ഒരു ഭാഗത്ത് മരത്തൂണുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാപക പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് അധികൃതർ വിശദീകരണവുമായി എത്തിയിരിക്കുന്നത്. ബീച്ചിലേക്ക് ആളുകൾക്ക് പ്രവേശിക്കുന്നതിന് വിലക്കില്ല. മറിച്ച് ബീച്ച് നശീകരണ പ്രവർത്തനങ്ങൾ കുറക്കുന്നതിനായി വാഹനങ്ങളെ തടയുന്നതിനാണിത്. വാഹന പാർക്കിങ് സ്ഥലത്തുനിന്ന് ബീച്ചിലേക്ക് കാൽനടയായി എത്താവുന്ന ദൂരമാണുള്ളത്. ഒരുവിധ നിർമാണ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നില്ല.
കടലാമകളുടെ സാന്നിധ്യത്താൽ റാസൽ ഹദ്ദ് മറ്റു ബീച്ചുകളിൽനിന്ന് വ്യത്യസ്തമാണ്. അതിനാൽ അവയെ സംരക്ഷിക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും പരിസ്ഥിതി അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. റാസൽ ഹദ്ദിലെ ആമ സംരക്ഷണ കേന്ദ്രം 25/96 നമ്പർ രാജകീയ ഉത്തരവ് പ്രകാരം പ്രഖ്യാപിക്കപ്പെട്ട പ്രകൃതിദത്ത റിസർവാണ്. അതിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ പരിസ്ഥിതി പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.