മസ്കത്ത്: നിരയായി നീണ്ടുകിടക്കുന്ന തെങ്ങിൻ തോപ്പുകളും പപ്പായയും കവുങ്ങും നാട്ടു മാവുകളും എന്തിനേറെ വെറ്റില വള്ളികൾപോലും തഴച്ചുവളരുന്ന ഒരിടമുണ്ട് ഗൾഫിൽ.
കേരളത്തിന്റെ പച്ചപ്പിന്റെയും ഹരിത ഭംഗിയുടെയും തനിപ്പകർപ്പായ ഇവിടെ എത്തുന്നവർ കേരള മലയോര ഗ്രാമത്തിലെത്തുന്നതിന്റെ ഉൾക്കുളിർ അനുഭവിക്കും. കേരളത്തിലെ കാലാവസ്ഥയും മൺസൂണും ചാറ്റൽ മഴയും ഒക്കെയുണ്ടിവിടെ. ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മഴക്കാല സീസണിൽ വെള്ളച്ചാട്ടങ്ങളും അരുവികളും തടാകങ്ങളുമൊക്കെയായി മനം കവരുന്ന ഇടമാണിത്.
സലാല, അക്ഷരാർഥത്തിൽ ഗൾഫിലെ കേരളം തന്നെയാണ്. ഒരു ഉപഭൂഖണ്ഡം മുഴുവൻ കടുത്ത വേനലിൽ കത്തിയെരിയുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ ദൈവത്തിന്റെ വരദാനംപോലെ സലാലയിൽ മാത്രം മഴയും ഈറൻ കാറ്റുമാണുണ്ടാവുക.
സലാലയിലെ പ്രധാന കാർഷികവിള നാളികേരമാണ്. മുനിസിപ്പാലിറ്റി മുൻകൈയെടുത്ത് പൊതുസ്ഥലങ്ങളിലും റോഡിന്റെ ഇരുവശങ്ങളിലുമായി 12,000ത്തോളം തെങ്ങുകൾ പരിപാലിക്കുന്നുണ്ട്. പുതുതായി ഒരു ലക്ഷം തെങ്ങുകൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതിക്ക് രണ്ടു വർഷം മുമ്പ് കാർഷിക മന്ത്രാലയം പദ്ധതിയിട്ടു. സലാലയിൽ ഉൽപാദിപ്പിക്കുന്ന ഇളനീരും തേങ്ങയും ഒമാന്റെ മറ്റു ഭാഗങ്ങളിലേക്കും രാജ്യത്തിനു പുറത്തേക്കും കയറ്റിയയക്കുന്നുണ്ട്.
കഴിഞ്ഞ 50 വർഷത്തിലധികമായി മലയാളികളാണ് തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെടുന്നത്. തെങ്ങ് പരിപാലനവും കയറ്റവും വിൽപനയുമെല്ലാം ആദ്യകാലങ്ങളിൽ മലയാളികളുടെ മാത്രം കുത്തകയായിരുന്നു. എന്നാൽ, ഈ മേഖലയിൽ ബംഗാളികളുടെ സാന്നിധ്യം ശക്തമായതോടെ പഴയകാല മലയാളികൾ പിന്മാറാനും തുടങ്ങി.
സലാലയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണികൂടിയുണ്ട്. കേരളത്തിൽ കൊടുങ്ങല്ലൂർ കേന്ദ്രമായി ഭരണംനടത്തിയിരുന്ന രാജാവായിരുന്ന ചേരമാൻ പെരുമാളിന്റെ കുടീരം സലാലയിലുണ്ട്.
കേരള-ഒമാൻ സൗഹൃദത്തിന്റെ മരിക്കാത്ത സ്മാരകമാണിത്. കേരളത്തിലെത്തിയ അറബികളിൽനിന്ന് ഇസ്ലാമിനെ മനസ്സിലാക്കുകയും കടൽ കച്ചവടക്കാരോടൊപ്പം മക്കയിൽ എത്തിയ ചേരമാൻ പെരുമാളിനെ കുറിച്ച് കേരള ഉൽപത്തിയിൽ പ്രതിപാദിക്കുന്നുണ്ട്. മക്കയിൽനിന്ന് നാട്ടിലേക്ക് തിരിക്കുന്നതിനിടെ രോഗബാധിതനായി സലാലയിൽ നിര്യാതനായി. ചേരമാൻ പെരുമാളിന്റെയും കൂട്ടാളിയുടെയും കുടീരം സലാല സന്ദർശിക്കുന്ന മലയാളികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ്. പിന്നീട്, ചേരമാൻ പെരുമാളിന്റെ പിൻഗാമികൾ സലാലയിലെത്തി കേരളത്തിലെ മരങ്ങളും ചെടികളും വളർത്തിയതാണെന്നും വിശ്വാസമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.