സമസ്തയിലെ വിഭാഗീയത: മസ്കത്തിലെ വിവാദമായ ഭാരവാഹി തെരഞ്ഞെടുപ്പ് മരവിപ്പിച്ചു

മസ്കത്ത്: സമസ്തയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിലവിൽ വന്ന മസ്കത്ത്‌ സെൻ​്രട്രൽ കമ്മിറ്റിയും സമാന്തരമായി നിലവിൽ വന്ന റുവി യൂനിറ്റ്‌‌ കമ്മിറ്റിയും താൽക്കാലികമായി മരവിപ്പിച്ചു. മസ്കത്തിലെ പ്രവർത്തകർക്കിടയിൽ ഐക്യം ഊട്ടിയുറപ്പിക്കാനും ആളിക്കത്തുന്ന വിവാദങ്ങൾ അവസാനിപ്പിക്കാനും ലക്ഷ്യമിട്ടാണ് അടിയന്തിര മധ്യസ്ഥ കമ്മറ്റി കൂടി ഇരുവിഭാഗവും ഒത്തൊരുമിച്ച്‌ തീരുമാനങ്ങൾ എടുത്തത്. സുന്നി സെന്ററിന്റെയും സമസ്ത ഇസ്‍ലാമിക്‌ സെന്ററിന്റെയും പ്രവർത്തകർക്കിടയിൽ നടക്കുന്ന എല്ലാ വിവാദ ചർച്ചകളും അവസാനിപ്പിക്കാനും കമ്മറ്റി ഐക്യകണ്ഠ്യേനെ‌ തീരുമാനിച്ചു.

സമസ്ത മുശാവറ അംഗം ഉമ്മർ ഫൈസി മുക്കം പാണക്കാട്‌ ഖാദി ഫൗണ്ടേഷനെയും മുസ്‍ലിം ലീഗ്‌ അധ്യക്ഷനെയും പരസ്യമായി അവഹേളിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ അനുരണം മസ്കത്തിലും ഏറെ കോളിളക്കങ്ങൾ ഉണ്ടാക്കിയിരുന്നു. മസ്കത്തിലെ സമസ്തയുടെ ഔദ്യോഗിക സ്ഥാപനമായ മസ്കത്ത്‌ സുന്നി സെന്ററിൽ രണ്ട്‌ വിഭാഗമായി തിരിഞ്ഞായിരുന്നു വാക്കേറ്റം. പാണക്കാട്‌ സാദിഖലി തങ്ങളെ വിമർശിച്ചെന്ന് ആരോപണമുള്ള എടപ്പാൾ അബദുൽ റഷീദ്‌ ബാഖവിയെ മസ്കത്ത്‌ സുന്നി സെന്ററിൽ പ്രസംഗിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ്‌ കൊണ്ടായിരുന്നു ഒരു സംഘം മുന്നോട്ട്‌ വന്നത്‌.

മധ്യസ്ഥ ചർച്ചക്ക്‌ ശേഷം തെറ്റ്‌ തിരുത്തിയ പ്രാസംഗികനെ പിന്നീട്‌ സംസാരിക്കാൻ അനുവദിക്കുകയും ചെയ്തു. സമാന്തര സംഘടനകളുണ്ടാക്കി മസ്കത്ത്‌ സുന്നി സെന്ററിനെ തകർക്കാനാണ്‌ ഉമർ ഫൈസി, ഹമീദ്‌ ഫൈസി അംബലക്കടവ്‌ അനുകൂലികളായ വിഭാഗം പ്രവർത്തിക്കുന്നതെന്നായിരുന്നു മറുവിഭാഗത്തിന്റെ ആരോപണം. റുവി സുന്നി സെന്റർ ഓഫിസിൽ നടത്തിയ ജനറൽ ബോഡി മീറ്റിങ്ങിലും പിന്നീട് നേരീയ വാക്കേറ്റമുണ്ടായി. ഇതേ തുടർന്ന് യോഗത്തിൽനിന്ന് ഇറക്കി വിട്ട വിഭാഗം മസ്കത്ത്‌ സുന്നി സെന്ററിന്റെ സജീവപ്രവർത്തകരുടെ നേതൃത്വത്തിൽ റുവി യൂണിറ്റ്‌ കമ്മറ്റിക്ക്‌ രൂപം കൊടുക്കുകയായിരുന്നു.

മെംബർഷിപ്പ്‌ വിതരണത്തിൽ പക്ഷപാതം കാണിച്ച്‌, രഹസ്യ മീറ്റിങ്ങുകളിലൂടെയും മറ്റും തിരക്കിട്ട്‌ സമസ്തയുടെ യൂനിറ്റ്‌ കമ്മറ്റികൾ ഉണ്ടാക്കി ഔദ്യോഗിക സ്ഥാനത്തുള്ളവർ വിഭാഗീയതയുണ്ടാക്കുകയാണെന്ന് ഒരു വിഭാഗം ‘ഗൾഫ്‌ മാധ്യമ’ത്തോട്‌ പ്രതികരിച്ചു. മസ്കത്ത്‌ എസ്‌.ഐ.സിയുടെ ചുമതലയുള്ള സംഘടനാ പ്രതിനിധി മുക്കം ഉമർ ഫൈസിയുടെ നിർദേശാനുസരണം പ്രവാസികൾക്കിടയിൽ ഭിന്നിപ്പിന്‌ നേതൃത്വം കൊടുക്കുകയാണെന്ന് അവർ പറഞ്ഞു.

മസ്കത്തിലെ വിവാദങ്ങൾ അവസാനിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന കർമ സമിതി വിളിച്ചു ചേർത്ത യോഗത്തിന്‌ സുന്നി സെന്റർ പ്രസിഡന്റ് അൻവർ ഹാജി, അഷ്‌റഫ്‌ കിണവക്കൽ, ഷമീർ പാറയിൽ, ഉസ്താദ്‌ മുഹമ്മദലി ഫൈസി എന്നിവർ നേതൃത്വം നൽകി. സലീം കോർണിഷ്‌, റഫീഖ്‌ ശ്രീകണ്ഠപുരം, കെ.കെ. അബ്ദുറഹീം , മുഹമ്മദ്‌ വാണിമേൽ, മോയിൻ ഉപ്പള, ഉമർ‌ വാഫി, അബ്ബാസ്‌ ഫൈസി,ഷാഹുൽ ഹമീദ്‌, മജീദ്‌ ബി.സി, താജുദ്ദീൻ, ഉമർ തളിപ്പറമ്പ്‌, കെ.പി ജാസിം, അബ്ദുള്ള ചന്ദ്രിക, ഉബൈദ്‌ തളിപ്പറമ്പ്‌, ഫിറോസ്‌ പരപ്പനങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - Samasta: Controversial office bearer election in Muscat frozen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.