സുഹാർ: പൂർണമായും ഒമാനിൽ നിർമിച്ച ഹൃസ്വ സിനിമ ‘സമൂസ’ തിരുവനന്തപുരം മീഡിയ സിറ്റി ഫിലിം സൊസൈറ്റി ഷോർട്ട് ഫിലിം ഫെസ്റ്റ് 2023ൽ ഗൾഫ് വിഭാഗത്തിൽ അഞ്ച് അവാർഡുകൾ നേടി ശ്രദ്ധേയമായി. മാധ്യമ പ്രവർത്തകൻ റഫീഖ് പറമ്പത്ത് കഥയും തിരക്കഥയും
സംഭാഷണവും എഴുതി അന്നാസ് പ്രൊഡക്ഷന്റെ ബാനറിൽ റിയാസ് വലിയകത്ത് കാമറയും സംവിധാനവും നിർവഹിച്ച ചിത്രം ഗൾഫ് എൻട്രി വിഭാഗത്തിൽ ഏറ്റവും നല്ല ഷോർട്ട് ഫിലിമായി തിരഞ്ഞെടുത്തു. നടൻ- ജോസ് ചാക്കോ, സംവിധായകൻ-റിയാസ് വലിയകത്ത്, കഥ, തിരക്കഥ, സംഭാഷണം -റഫീഖ് പറമ്പത്ത്, ബാക്ക് ഗ്രൗണ്ട് മ്യൂസിക് ആൻഡ് വോക്കൽ ഹമ്മിങ് - അനന്തു മഹേഷ് എന്നീ അവാർഡുകളും ചിത്രം നേടി. സിനിമ സംവിധായകർ, സാഹിത്യകാരന്മാർ, അഭിനേതാക്കൾ എന്നിവർ ചേർന്നുള്ള ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. ജനുവരി 17ന് തിരുവനന്തപുരം അയ്യൻകാളി (വി.ജെ.ടി) ഹാളിൽ നടക്കുന്ന മീഡിയ സിറ്റി ഫിലിം സോസൈറ്റിയുടെ അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ചടങ്ങിൽ അവാർഡുകൾ നേടിയ വിഭാഗങ്ങളുടെ പ്രദർശനവും പുരസ്കാര വിതരണവും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
പ്രവാസ നോവിൽ പൊള്ളുന്ന ജീവിത കഷ്ടപ്പാടിൽ ഉരുകുന്ന ഒരാളുടെ കഥ പറയുകയാണ് സമൂസയെന്ന കൊച്ചുസിനിമ. സുഹാറിലും പരിസരങ്ങളിലുമായി ചിത്രീകരിച്ച സമൂസ സുഹാറിലും മസ്കത്തിലും രണ്ട് പ്രദർശനങ്ങൾ സംഘടിപ്പിച്ചിരുന്നു. ജോസ് ചാക്കോ, രാജൻ പള്ളിയത്ത്, ശിവൻ അമ്പാട്ട്, നിഖിൽ ജേക്കബ്, നവാസ് മാനു, റിയാസ് എന്നിവരാണ് അഭിനയിച്ചത്. അലി അഹമ്മദ് അൽ ബലൂഷി എന്ന സ്വദേശികൂടി വേഷം ചെയ്തിട്ടുണ്ട്. നിഖിൽ ജേക്കബ് ആണ് സഹ സംവിധായകൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.