മസ്കത്ത്: രാജ്യത്ത് വസന്തകാലത്തിന് തുടക്കമായതായി അധികൃതർ അറിയിച്ചു. ജ്യോതിശാസ്ത്ര പ്രകാരം മാർച്ച് 20നാണ് സുൽത്താനേറ്റിൽ വസന്തകാലം ആരംഭിക്കുന്നത്. അതേസമയം, വിവിധ നഗരങ്ങളിലെ താപനില ക്രമാനുഗതമായി ഉയരുന്നതായി കാലാവസ്ഥ പ്രവചനങ്ങൾ പറയുന്നു. ശൈത്യകാലത്തുനിന്ന് വസന്തത്തിലേക്കുള്ള മാറ്റത്തെയാണ് സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച വിവിധ ഇടങ്ങളിൽ 30 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു താപനില. ജ്യോതിശാസ്ത്ര പ്രകാരം ജൂൺ 20നാണ് രാജ്യത്ത് വേനൽക്കാലം ആരംഭിക്കുന്നത്. സീബ് 33 ഡിഗ്രി സെൽഷ്യസ്, അമീറാത്ത് 36, നിസ്വ, സൂർ 35, സലാല 27, ഫഹൂദ് 36 ഡിഗ്രി സെൽഷ്യസുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ താപനില.
കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഏറ്റവും ചൂടേറിയ ശൈത്യം അനുഭവപ്പെട്ടത് കഴിഞ്ഞ ഡിസംബറിലായിരുന്നു. ന്യൂനമർദത്തിന്റെ ഭാഗമായി ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ രാജ്യത്തെ ഭൂരിഭാഗം ഗവർണറേറ്റുകളിലും സാമാന്യം ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. ഇതേത്തുടർന്ന് താപനിലയിൽ പ്രകടമായ മാറ്റം വരുകയും ചെയ്തിരുന്നു. ഡിസംബറിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് വാദി അൽ മാവിൽ ആണ് -(34.8). ബർക (34), മിർബത്ത് (33.8), സലാല (33.2) എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ രേഖപ്പെടുത്തിയ താപനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.