ഹമരിയയിൽ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട്​ 

ഒമാനിൽ ശക്തമായ കാറ്റും മഴയും

മസ്​കത്ത്​: മസ്​കത്ത്​ അടക്കം ഒമാ​െൻറ വിവിധ പ്രദേശങ്ങളിൽ ശക്​തമായ കാറ്റും മഴയും. ഏതാണ്ടെല്ലാ പ്രദേശങ്ങളിലും സാമാന്യം ശക്​തമായ മഴതന്നെ ലഭിക്കുകയുണ്ടായി. മഴയെ തുടർന്ന്​ വാദികൾ രൂപപ്പെടുകയും ഗതാഗതം സ്​തംഭിക്കുകയും ചെയ്​തു.

മസ്​കത്തിൽ പുലർച്ചെ 6.30നാണ് ശക്തമായ കാറ്റിനും ഇടിയുടെ അകമ്പടിയോടും കൂടെ മഴ എത്തിയത്. ആഴ്ചകളായി തുടരുന്ന കനത്ത ചൂടിന് അതോടെ ശമനമായി. റോഡുകളിൽ വെള്ളക്കെട്ടുകളുണ്ടാവുകയും വാദികൾ രൂപപ്പെടുകയും ചെയ്​തു. മഴയെ തുടര്‍ന്ന് മത്ര സൂഖിലൂടെ രാവിലെ വാദി രൂപപ്പെടുകയുണ്ടായി. വാദി ഏതാനും മണിക്കൂറുകള്‍ നീണ്ടുനിന്നത് വ്യാപാരികളില്‍ ആശങ്കയുളവാക്കി. ഹമരിയ മേഖലയിലെ റോഡുകളിലും വെള്ളക്കെട്ടുണ്ടായി.

ഇരുണ്ടു മൂടിക്കെട്ടിയ അന്തരീക്ഷവും കാറ്റും മഴയും അധിക നേരം നീണ്ടുനില്‍ക്കാതെ പെയ്ത് ഒഴിഞ്ഞത് ആശ്വാസവുമായി. കനത്ത ചൂടില്‍നിന്നുള്ള മോചനം കിട്ടിയതോടൊപ്പം പെരുന്നാൾ സൂഖിനെ കാര്യമായി ബാധിക്കാതെയും മഴ മാറിനിന്നു. വെളുപ്പിന് ആഞ്ഞുവീശിയ കാറ്റില്‍ പല കെട്ടിടങ്ങള്‍ക്ക് മുകളിലുള്ള തകരഷീറ്റ്​ കൊണ്ടുള്ള നിര്‍മിതികള്‍ ഉഗ്രശബ്​ദത്തോടെ പാറിപ്പറന്നത് ഭീതിപരത്തി. പലരും പെരുന്നാള്‍ കച്ചവടത്തിനായി ഇറക്കിവെച്ച സാധനങ്ങള്‍ നനഞ്ഞു‌കുതിര്‍ന്നു. ഏതാനും കാര്‍ട്ടൂണ്‍‌ സാധനങ്ങൾ വാദിയില്‍ ഒലിച്ചുപോവുകയുമുണ്ടായി.

അറബിക്കടലിൽനിന്ന്​ മഴമേഘങ്ങൾ എത്തുന്നത്​ വരും ദിവസങ്ങളിലും തുടരുമെന്ന്​ കാലാവസ്​ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച മുതൽ ശനിയാഴ്ചവരെ ദോഫാറിലും അൽ വുസ്​തയിലും ഒറ്റപ്പെട്ട ശക്​തമായ മഴക്ക്​ സാധ്യതയുണ്ട്​. അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുകയും ചെയ്യും. മസ്​കത്തിൽ അമിറാത്തിലും തീരപ്രദേശങ്ങളിലും ശനിയാഴ്ച ചാറ്റൽ മഴക്കും സാധ്യതയുണ്ട്​. അൽ ഹജർ പർവതനിരകളിലും പരിസരങ്ങളിലും മഴക്ക്​ സാധ്യതയുണ്ട്​.

Tags:    
News Summary - Strong winds and rain in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.