മസ്കത്ത്: ദോഹയിൽ നടന്ന ജി.സി.സി എൻഡോവ്മെന്റ്, ഇസ്ലാമിക്, മതകാര്യ മന്ത്രിമാരുടെ പത്താമത് സമ്മേളനത്തിൽ ഒമാൻ പങ്കെടുത്തു. അംഗരാജ്യങ്ങൾ തമ്മിലുള്ള സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ബന്ധം ഊട്ടിയുറപ്പിക്കാൻ കൂടിക്കാഴ്ച അവസരമൊരുക്കുന്നുവെന്ന് ഒമാൻ പ്രതിനിധി സംഘത്തിന്റെ തലവനായ എൻഡോവ്മെന്റ്, മതകാര്യ മന്ത്രി ഡോ.മുഹമ്മദ് സഈദ് അൽ മമാരി പറഞ്ഞു.
ജി.സി.സി ജനങ്ങൾക്ക് പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് സഹകരണത്തിനായി പുതിയ വഴികൾ പരിഗണിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആഗോള സംഭവവികാസങ്ങൾ കാരണം മേഖല നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അന്യമായ യുദ്ധത്തെക്കുറിച്ചും ഖുദ്സിനും ഫലസ്തീനുമെതിരായ ആക്രമണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇത്തരം ദ്രുതഗതിയിലുള്ള സംഭവവികാസങ്ങളെ അഭിമുഖീകരിക്കുന്നതിന് കൈകോർക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മാമരി അഭിപ്രായപ്പെട്ടു.
തീവ്രവാദത്തിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് സഹിഷ്ണുതയുള്ള ശരീഅ തത്വങ്ങളിൽ നിന്നുള്ള വ്യതിചലനമാണെന്നും അത് സുരക്ഷക്കും വികസനത്തിനും ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി. ഇസ്ലാമിക മതത്തിന്റെ സത്യത്തെ വളച്ചൊടിക്കുന്ന ഹാനികരമായ ആശയങ്ങളിൽനിന്നും പ്രത്യയശാസ്ത്രങ്ങളിൽ നിന്നും സമൂഹങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.