മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ സൗത്ത് അൽ മബേല ഏരിയയിൽ ഒരുക്കുന്ന ആരോഗ്യകേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് പ്രോജക്ട്സ് ആൻഡ് എൻജിനീയറിങ് അഫയേഴ്സിന്റെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. പൗരന്മാർക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിനും പ്രദേശത്തെ നിലവിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ സമ്മർദം ലഘൂകരിക്കാനുമാണ് ആരോഗ്യ കേന്ദ്രത്തിന്റെ നിർമാണത്തിലൂടെ ലക്ഷ്യമിടുന്നത്. 15,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ആരോഗ്യകേന്ദ്രം നിർമിക്കുന്നതെന്ന് മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് പ്രോജക്ട്സ് ആൻഡ് എൻജിനീയറിങ് അഫയേഴ്സ് ഡയറക്ടർ ജനറൽ എൻജിനീയർ ജമാൽ ബിൻ സലേം അൽ ഷാൻഫാരി പറഞ്ഞു. ആകെ കെട്ടിട വിസ്തീർണം ഏകദേശം 1309 ചതുരത്ര മീറ്ററായിരിക്കും. പ്രാഥമിക പരിശോധന മുറി, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി രണ്ട് കാത്തിരിപ്പ് മുറികൾ, ഡെന്റൽ ക്ലിനിക്ക്, ഫിസിയോതെറപ്പി ക്ലിനിക്ക്, ഫാർമസി, റേഡിയോളജി വിഭാഗം, അനുബന്ധ ഉപകരണങ്ങൾ തുടങ്ങി നിരവധി സൗകര്യങ്ങൾ കേന്ദ്രത്തിൽ ഉണ്ടാകും.
കരാർ പ്രകാരം പദ്ധതിയുടെ പ്രവർത്തനങ്ങൾ അടുത്തവർഷം ആഗസ്റ്റ് 13ന് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് പ്രോജക്ട് ആൻഡ് എൻജിനീയറിങ് അഫയേഴ്സ് ഡയറക്ടർ ജനറൽ അറിയിച്ചു. മസ്കത്ത് ഗവർണറേറ്റിലെ ഏറ്റവും ജനസാന്ദ്രതയുള്ള വിലായത്തുകളിൽ ഒന്നാണ് സീബ്. ഈ കേന്ദ്രം പൂർത്തിയാകുന്നതോടെ വിലായത്തിലെ ആരോഗ്യകേന്ദ്രങ്ങളുടെ എണ്ണം 10 ആയി ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.