മസ്കത്ത്: ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഈ വർഷത്തെ മൂന്നാമത്തേതും വിദേശത്തെ ആദ്യത്തേതുമായ ചിന്തൻ ശിബിർ വെള്ളിയാഴ്ച മസ്കത്തിൽ നടക്കും. ഒമാൻ ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ റൂവി സി.ബി.ഡി സ്റ്റാർ ഓഫ് കൊച്ചിൻ പാർട്ടി ഹാളിലാണ് (സലാല ഹാൾ) പരിപാടി. ഉച്ചക്ക് രണ്ടിന് പ്രതിനിധികൾക്കുള്ള സെമിനാറോടുകൂടി സമ്മേളനം തുടങ്ങും. 12 മണിക്ക് പ്രതിനിധികൾക്കുള്ള രജിസ്ട്രേഷൻ ആരംഭിക്കും. രാത്രി 10ന് സമാപിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ, കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷഫീർ, ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ, ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള, സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ ക്ലാസുകൾ നയിക്കും.
സാമൂഹിക, സന്നദ്ധ, ആതുര സേവന പ്രവർത്തനങ്ങളുമായി സലാല, നിസ്വ, ഇബ്രി, സോഹാർ, ഇബ്ര, ബർക, സൂർ, മത്ര തുടങ്ങിയ എട്ട് റീജനൽ കമ്മിറ്റികളുമായി സജീവമായ ഒമാൻ ഒ.ഐ.സി.സിയുടെ പ്രവർത്തനങ്ങൾക്ക് പുതു ഊർജം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ചിന്തൻ ശിബിർ സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് സജി ഔസേഫ് അറിയിച്ചു. സലാല മുതൽ മത്ര വരെയുള്ള റീജനൽ കമ്മിറ്റികളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാറും ക്ലാസുകളും പ്രവാസ ലോകത്ത് ചരിത്രസംഭവം ആക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ചിന്തൻ ശിബിർ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എൻ. ഒ. ഉമ്മൻ പറഞ്ഞു. ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറിയും പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനറുമായ ബിന്ദു പാലക്കൽ, ദേശീയ വൈസ് പ്രസിഡന്റ് മാത്യു മെഴുവേലി, റെജി കെ. തോമസ്, സലിം മുതുവമ്മേൽ, ബിനീഷ് മുരളി, ജോസഫ് വലിയവീട്ടിൽ, അഡ്വ എം.കെ. പ്രസാദ്, മമ്മൂട്ടി ഇടക്കുന്നം, സജി ഇടുക്കി, റെജി പുനലൂർ, ജിനു ജോൺ, റിസ്വിൻ ഹനീഫ്, ജോർജ് വർഗീസ്, നൗഷാദ് കാക്കടവ്, തോമസ് മാത്യു, റെജി ഇടിക്കുള, ഹരിലാൽ, അജോ കട്ടപ്പന എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപവത്കരിച്ച് എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.