മസ്കത്ത്: യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലായി നിലവിൽ 79.3 ലക്ഷം ഇന്ത്യക്കാരുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കഴിഞ്ഞ ദിവസം ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബഹ്റൈൻകൂടി ചേരുമ്പോൾ ജി.സി.സി രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം 80 ലക്ഷത്തിലേറെ വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൂടുതൽ ഇന്ത്യക്കാരുള്ള യു.എ.ഇയിൽ ഇന്ത്യക്കാരായ പ്രവാസികളുടെ എണ്ണം 35 ലക്ഷം കടന്നിട്ടുണ്ട്.
2022ൽ യു.എ.ഇയിൽ ഇന്ത്യൻ പ്രവാസികളുടെ എണ്ണം 34,19,000 ആയിരുന്നു. ഈ വർഷം 1.3 ലക്ഷം പേർകൂടി എത്തിയതോടെയാണ് ആകെ ഇന്ത്യക്കാരുടെ എണ്ണം 35,54,000 ആയി ഉയർന്നത്. ഒമ്പത് ലക്ഷമാണ് ഒമാനിലെ ഇന്ത്യക്കാരുടെ ജനസംഖ്യ. ആകെ രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനം വരുമിത്.
പുറംരാജ്യങ്ങളിൽ ജോലി അന്വേഷിക്കുന്ന ഇന്ത്യക്കാരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് യു.എ.ഇയെന്നും ഇന്ത്യക്കാരായ പ്രവാസി തൊഴിലാളികളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കേന്ദ്ര സർക്കാർ ദുബൈ, റിയാദ്, ജിദ്ദ, ക്വാലാലംപുർ എന്നിവിടങ്ങളിൽ വിദേശ ഇന്ത്യൻ സഹായ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, രാജ്യം 77ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ, വിദേശ രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരായ പ്രഫഷനലുകളുടെ പലായനം 1.4 ശതകോടി സാമ്പത്തിക ശക്തിയുള്ള രാജ്യത്തിന്റെ വികസനത്തെ മന്ദഗതിയിലാക്കുന്ന ഒരു ‘മസ്തിഷ്ക ചോർച്ച’ക്ക് തുല്യമാണോ എന്നതിനെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.