മസ്കത്ത്: രാജ്യത്തെ പരിസ്ഥിതിക്കും കൃഷിക്കും ജൈവവൈവിധ്യങ്ങൾക്കും ഭീഷണിയായതിനെത്തുടർന്ന് 4,42,440 ആക്രമണകാരികളായ പക്ഷികളെയാണ് ഇല്ലാതാക്കിയതെന്ന് പരിസ്ഥിതി അതോറിറ്റി അധികൃതർ അറിയിച്ചു. ആക്രമണകാരികളായ പക്ഷികളെ പ്രതിരോധിക്കാനുള്ള ദേശീയ കാമ്പയിന്റെ ഭാഗമായി ജനുവരി 23വരെ വിവിധ ഗവർണറേറ്റുകളിൽനിന്ന് 72,864 കാക്കകളെയും 369,576 മൈനകളെയുമാണ് അധികൃതർ ഇല്ലാതാക്കിയത്.
കഴിഞ്ഞ വർഷം പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ പ്രധാനപ്പെട്ട പദ്ധതികൾ, സംരംഭങ്ങൾ, നേട്ടങ്ങൾ, പാരിസ്ഥിതിക പ്രകടന സൂചകങ്ങൾ എന്നിവ അവലോകനം ചെയ്ത് അധികൃതർ നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാത്തരം വന്യജീവികളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും, പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്ന് അധികൃതർ വിശദീകരിച്ചു. ദേശീയ ജൈവവൈവിധ്യ സർവേ പദ്ധതിയിൽ 714 സൈറ്റുകൾ സർവേ ചെയ്തു. ഇതിലൂടെ 40 ഇനങ്ങൾ രേഖപ്പെടുത്തി. 1994നെ അപേക്ഷിച്ച് ദോഫാർ ഗവർണറേറ്റിലെ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പ്രദേശങ്ങൾ വർധിച്ചിട്ടുണ്ട് . 5.09 ശതമാനത്തിന്റെ വർധനായാണുണ്ടായിരിക്കുന്നത്. തീരദേശ ഗവർണറേറ്റുകളിലെ 19 സൈറ്റുകളിൽ കടൽജലത്തിന്റെയും അടിത്തട്ടിലുള്ള അവശിഷ്ടങ്ങളുടെയും ഗുണനിലവാരം വിലയിരുത്തുന്നതിനും മലിനീകരണ സ്രോതസ്സുകൾ കണ്ടെത്തുന്നതിനുമായി പദ്ധതി നടപ്പാക്കിയെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.