കവിഞ്ഞൊഴുകുന്ന വാദി വാഹനവുമായി മുറിച്ച് കടക്കുന്നു 

ഈ മുറിച്ച് കടക്കൽ അപകടത്തിലേക്ക്...

മസ്കത്ത്: മഴയിൽ നിറഞ്ഞ് കവിഞ്ഞ വാദികൾ മുറിച്ച് കടക്കരുതെന്ന നിർദേശം പലരും പാലിക്കാത്തത് അധികൃതർക്ക് തലവേദനായാകുന്നു. ദാഹിറ, ദാഖിലിയ, വടക്കൻ ശർഖിയ, തെക്കൻ ബത്തിന തുടങ്ങി രാജ്യത്ത് വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസം വേനൽ മഴ പെയ്തതിനാൽ വാദികൾ നിറഞ്ഞൊഴുകുകയാണ്. പലയിടത്തും മരങ്ങൾ അടക്കം കടപുഴകുകയും മറ്റും ചെയ്തിട്ടുണ്ട്.

വാദികൾക്ക് സമീപം ഇരിക്കുന്നത് ഒഴിവാക്കണമെന്നും കുട്ടികളെ നിരീക്ഷിക്കണമെന്നും ഇത്തരം സ്ഥലങ്ങളിലേക്ക് ഒറ്റക്ക് വിടരുതെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇതൊന്നും പരിഗണിക്കാതെ നിരവധിപേരാണ് വാദി മുറിച്ചു കടക്കുന്നത്. വാഹനവുമായി വാദിമുറിച്ച് കടക്കാൻ ശ്രമിച്ച സ്വദേശി പൗരനെതിരെ റോയൽ ഒമാൻ പൊലീസ് നടപടിയെടുത്തു. ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡന്‍റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂടെയുള്ള യാത്രക്കാരുടെ ജീവിതവും അപകടപ്പെടുത്തുന്നതാണ് ഇത്തരം പ്രവൃത്തികളെന്ന് ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു.

ട്രാഫിക് നിയമത്തിലെ വകുപ്പ് 49 പ്രകാരം വാദി മുറിച്ചുകടക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. തന്റെയോ മറ്റുള്ളവരുടെയോ ജീവനോ അപകടമുണ്ടാക്കുന്ന തരത്തിൽ മനഃപൂർവം വാദികൾ മുറിച്ചുകടക്കുകയാണെങ്കിൽ മൂന്ന് മാസത്തിൽ കൂടാത്ത തടവും 500 റിയാൽവരെ പിഴയും ലഭിച്ചേക്കും. സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി അധികൃതർ നൽകിയ മുന്നറിയിപ്പുകൾ എല്ലാവരും പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു.

കൂടുതൽ മഴ അൽ ഹംറയിൽ

മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൂടുതൽ മഴ ലഭിച്ചത് അൽ ഹംറയിലെ വിലായത്തിലാണെന്ന് കാർഷിക മത്സ്യബന്ധന, ജല മന്ത്രാലയം അറിയിച്ചു. 67 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. ബഹ്‌ല -49, മുദൈബി -27, ഇബ്ര -എട്ട് മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി.

Tags:    
News Summary - To the danger of this crossing ..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.