മസ്കത്ത്: തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പ ദുരിതബാധിതരെ സഹായിക്കാൻ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ (ഒ.സി.ഒ) നടത്തിയ കാമ്പയിനിലൂടെ ശേഖരിച്ചത് 5,57,758.809 റിയാൽ. ഈ വർഷം ഫെബ്രുവരി ഏഴു മുതൽ മാർച്ച് 23 വരെ നടത്തിയ കാമ്പയിനിലൂടെയാണ് ഇത്രയും തുക സമാഹരിച്ചത്. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഫെബ്രുവരി ആറിനാണ് ഉണ്ടായത്.
ഇത് ഇരുരാജ്യങ്ങളിലുമായി സ്വത്ത് നാശത്തിനും ആയിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുന്നതിനും കാരണമായി. കാമ്പയിനിലേക്ക് അകമഴിഞ്ഞ് പിന്തുന നൽകിയ സന്നദ്ധപ്രവർത്തകർ, പ്രകൃതി ദുരന്ത നിവാരണ സംഘം, ചാരിറ്റി പ്രവർത്തകൾ തുടങ്ങി എല്ലാവരേയും അഭിനന്ദിക്കുകയാണെന്ന് ദാർ അൽ അത്ത അസോസിയേഷന്റെ സ്ഥാപകയും ബോർഡ് അംഗവുമായ മറിയം ബിൻത് ഈസ അൽ സദ്‌ജലി പറഞ്ഞു. ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷനുമായി സഹകരിച്ച് സുസ്ഥിര പദ്ധതികൾ നടപ്പിലാക്കുന്നതിനാണ് സംഭാവന പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇതിന് മുമ്പ് യമൻ, ഫലസ്തീൻ, ലബനൻ, സുഡാൻ എന്നിവിടങ്ങളിലെ ജനങ്ങൾക്കായി നിരവധി മാനുഷിക കാമ്പയിനുകൾ നടത്തിയിരുന്നെന്നും റോഹിങ്ക്യൻ മുസ്‌ലിംകൾക്ക് സഹായം നൽകുകയും ചെയ്തിരുന്നവെന്ന് മറിയം ബിൻത് ഈസ അൽ സദ്‌ജലി പറഞ്ഞു. പ്രകൃതി ദുരന്തവേളയിലും കോവിഡ് സമയത്തും സംഘടന സുൽത്താനേറ്റിലും സഹായവുമായി മുന്നിലുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. സംഭാവനയായി കിട്ടിയ തുക അർഹതപ്പെട്ടവരിലേക്ക് എത്തിക്കും. സ്‌കൂളുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തും. ആശുപത്രികൾ, മെഡിക്കൽ ആവശ്യങ്ങൾ, ഉപകരണങ്ങൾ എന്നിവയടക്കമുള്ള കാര്യങ്ങൾ ഭൂകമ്പ പ്രദേശങ്ങളിൽ ചെയ്യുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.