മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ഉൾക്കടലിൽ വീണ്ടും ഉരുഅപകടത്തിൽപ്പെട്ടു. കടലിൽ കുടുങ്ങിയിരുന്ന 12 ഇന്ത്യക്കാരെ റോയൽ ഒമാൻ എയർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. 10 ഗുജ്റാത്ത് സ്വദേശികളും രണ്ട് ഉത്തർ പ്രദേശുകാരുമായിരുന്നു ഉരുവിലുണ്ടായിരുന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ ദോഫാർ ഗവർണറേറ്റിലെ നിയാബത്ത് ഹാസിക്കിൽനിന്ന് മൂന്ന് നോട്ടിക്കൽ മൈൽ കിഴക്കായിരുന്നു അപകടം.
ദുബൈയിൽനിന്ന് സോമാലിയിലേക്ക് പോയതായിരുന്നു. ശക്തമായ കാറ്റിലും തിരയിലുംപെട്ട് ഉരു പൂർണമായി തകർന്നു. ടൈൽസ്, വാഹനങ്ങൾ, അരി എന്നിവയായിരുന്നു ഇതിലുണ്ടായിരുന്നത്. റോയൽ ഒമാൻ എയർഫോഴ്സിന്റെ ഹെലികോപ്ടറിൽ രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അപകത്തിൽപ്പെട്ടവരെ ബോട്ടിൽ കരക്കെത്തിക്കുക്കയുമായിരുന്നു. അപകടം നടന്ന ഉടനെതന്നെ ജീവനക്കാർ ലൈഫ് ജാക്കറ്റടക്കം ധരിച്ചതാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
അപകടത്തിൽപ്പെട്ടവരെ ഹസ്സെക്ക് പൊലീസ് സ്റ്റേനിലേക്കാണ് എത്തിച്ചിട്ടുള്ളത്. ഇവർ പൂർണ ആരോഗ്യവാൻമാരാണെന്ന് ഇന്ത്യൻ എംബസി ഹോണററി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഇവരെ വരും ദിവസങ്ങളിൽ നാട്ടിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് ദോഫാർ ഗവർണറേറ്റിലെ താഖാ വിലായത്തിൽ ഉരുമറിഞ്ഞ് മരിച്ച രണ്ട് ഇന്ത്യക്കാർ മരിച്ചിരുന്നു. യു.പി, ഗുജ്റാത്ത് സ്വദേശികളാണ് മരിച്ചത്. എട്ടു പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.