മസ്കത്ത്: യു.എ.ഇയിൽനിന്ന് വിസ മാറാൻ ഒമാനിലേക്ക് ബസിൽ വരുന്നവർക്ക് അതിർത്തി ചെക്പോസ്റ്റിൽ നിയന്ത്രണം. ഈ മാസം ഒന്നു മുതലാണ് നിയന്ത്രണം നിലവിൽ വന്നതെന്ന് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. എന്നാൽ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ലെന്നാണ് അറിയുന്നത്. യു.എ.ഇയിൽ വിസ മാറുന്നത് രാജ്യം വിട്ട് പുറത്തേക്ക് പോവണമെന്ന് മാസങ്ങൾക്ക് മുമ്പ് യു.എ.ഇ നിബന്ധനവെച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി പേരാണ് ഒമാനിലേക്ക് വന്നിരുന്നത്. മസ്കത്തിലും റൂവിയിലും വന്ന് ഒന്നോ രണ്ടോ ദിവസം തങ്ങിയാണ് പലരും യു.എ.ഇയിലേക്ക് തിരിച്ച് പോവുന്നത്. ബുറൈമിയിൽവന്ന് തിരിച്ചു പോവുന്നവരും നിരവധിയാണ്. കഴിഞ്ഞ മാസം അവസാനംവരെ ഇത്തരം വിഭാഗത്തിൽപെട്ട നിവധിപേർ ബസ്സിലായിരുന്നു ഒമാനിൽ വിസ മാറാൻ എത്തിയിരുന്നത്. എന്നാൽ ഈ മാസാദ്യം മുതൽ സ്വകാര്യ ബസുകളിലെത്തുന്നവരെ അതിർത്തി കടക്കാൻ അധികൃതർ അനുവദിക്കുന്നില്ല.
അൽ ഐനിൽനിന്ന് സർവിസ് നടത്തുന്ന മുവാസലാത്ത് ബസിൽ മസ്കത്തിലേക്ക് വരുന്നവർക്ക് നിയന്ത്രണങ്ങൾ ഇല്ലെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. ഇതുവരെ ഇത്തരക്കാർക്ക് സ്വകാര്യ ബസ് സർവിസുകൾ വലിയ അനുഗ്രഹമായിരുന്നു. ഒമാനിൽനിന്ന് ഒരു സ്വകാര്യ ബസ് കമ്പനി മൂന്ന് സർവിസുകളാണ് ദുബൈയിലേക്ക് നടത്തി വന്നിരുന്നത്. ദുബൈയിൽനിന്ന് ഒമാനിലേക്കും കമ്പനി സർവിസ് നടത്തുന്നുണ്ട്. ഈ ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. തിരക്ക് കാരണം അഞ്ചും ആറും ദിവസം കഴിഞ്ഞാണ് ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് ലഭിച്ചിരുന്നത്.
പുതിയ നിയന്ത്രണം അതിലും വലിയ കുരുക്കാണ് യാത്രക്കാർക്കുണ്ടാക്കുന്നത്. മുവാസലാത്ത് അൽ ഐനിൽനിന്ന് ഒരു സർവിസ് മാത്രമാണ് ദിനേന നടത്തുന്നത്. ഇത് തികച്ചും അപര്യാപ്തമാണെന്ന് യത്രക്കാർ പറയുന്നു. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് മുവാസലാത്ത് ദുബൈയിൽനിന്നും സർവിസുകൾ ആരംഭിക്കണം. സർവിസുകൾ റൂവിയിൽനിന്ന് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത് യാത്രക്കാർക്ക് കൂടുതൽ സൗകര്യമായിരിക്കുമെന്നും യാത്രക്കാർ പറയുന്നു. വിസ മാറാൻ യു.എ.ഇയിൽനിന്ന് ഒമാനിൽ വന്നുപോവുന്നവർക്ക് പുതിയ നിയന്ത്രണങ്ങൾ ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പ്രതിസന്ധി മറികടക്കാൻ വിമാനം വഴി വന്നുപോവുന്നവരും നിരവധിയാണ്. ഇപ്പോൾ അസൈബയിലാണ് ബസുകൾ നിർത്തുന്നത് ഇത് റൂവി വരെ നീട്ടണമെനും യാത്രക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.