മത്ര: വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ദേശീയ കാമ്പയിന് മത്ര സൂഖിൽ തുടക്കമായി. ആരോഗ്യ മന്ത്രാലയം, നാർകോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ദേശീയ സമിതി മുഖേനയാണ് കാമ്പയിൻ നടത്തുന്നത്.
മത്ര വാലി ശൈഖ് അൽ മുൻതിർ അഹ്മദ് അൽ മർഹൂണിന്റെ മേൽനോട്ടത്തിൽ നടന്ന പരിപാടികളിൽ നിരവധി ആളുകൾ പങ്കെടുത്തു. ‘നമ്മൾ ഒരുമിച്ച് കൈകോർക്കുന്നു’ പ്രമേയത്തിന് കീഴിൽ, മയക്കുമരുന്ന് ദുരുപയോഗത്തെയും ആസക്തിയെയും കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിൽ കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കും.
മദ്യം, മയക്കുമരുന്ന് പോലുള്ള എല്ലാവിധ ലഹരിവസ്തുക്കളുടെയും ഉപയോഗത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് കാമ്പയിൻ. യുവാക്കളിലും വിദ്യാർഥികളിലും കണ്ടുവരുന്ന ലഹരി വിപത്തിനെതിരെ സാംസ്കാരിക പ്രതിരോധമുണ്ടാക്കാനും ആഹ്വാനം ചെയ്തു.
ലഹരി ഉപയോഗ ലക്ഷണങ്ങള്‍ കണ്ടെത്താനും തടയാനുമുള്ള മാര്‍ഗനിർദേശങ്ങളടങ്ങിയ ബുക്ക്ലെറ്റുകളും ചടങ്ങിനോടനുബന്ധിച്ച് വിതരണം ചെയ്തു.ലഹരിവിരുദ്ധ കവിയരങ്ങും ചടങ്ങില്‍ അരങ്ങേറി. സാലം ഗമ്മാരി ഹമദ് ഹുദൈബി, സാലം ഹറമി തുടങ്ങിയവർ സംബന്ധിച്ചു.
സൂഖിലെ വിവിധ ഇടങ്ങളില്‍ പുതുതായി സ്ഥാപിച്ച സ്ക്രീനിലൂടെ കാമ്പയിനിന്റെ ലക്ഷ്യങ്ങൾ വിവരിക്കുന്ന സമഗ്രമായ ദൃശ്യ അവതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.