സലാല: സലാലയിലേക്ക് തിരികെയെത്താൻ ആഗ്രഹിക്കുന്നവർക്കായി വെൽഫെയർ ഫോറം സലാല കൊച്ചിയിൽനിന്ന് ചാർട്ടർ ചെയ്ത വിമാനം വെള്ളിയാഴ്ച സർവിസ് നടത്തുമെന്ന് പ്രസിഡൻറ് തഴവ രമേഷ് പറഞ്ഞു.ഉച്ചക്ക് 12.15ന് സലാലയിൽനിന്നു കൊച്ചിയിലേക്ക് പുറപ്പെടും. തിരിച്ച് വൈകുന്നേരം ആറരക്ക് കൊച്ചിയിൽനിന്ന് സലാലയിലേക്കുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. യാത്രക്കാർ മൂന്നു മണിക്കൂർമുമ്പ് വിമാനത്താവളത്തിൽ എത്തിച്ചേരണം. കൊച്ചിയിൽനിന്ന് സലാലയിലേക്ക് വരുന്ന യാത്രക്കാർക്ക് ആവശ്യമായ സേവനം നൽകാൻ ടീം വെൽഫെയർ വളൻറിയർമാർ സജ്ജരാണെന്ന് സംസ്ഥാന കൺവീനർ സമദ് നെടുമ്പാശ്ശേരി അറിയിച്ചു.
സലാലയിൽനിന്നും കൊച്ചിയിലേക്ക് പോകുന്ന യാത്രക്കാർക്കാവശ്യമായ സുരക്ഷാകിറ്റ് വെൽഫെയർ ഫോറം എയർപോർട്ടിൽ നൽകും.കിറ്റിൽ ഫേസ് ഷീൽഡ്, എൻ 95 മാസ്ക്, കൈയുറ എന്നിവയുണ്ടാകും. സലാലയിലെ പ്രമുഖ ട്രാവൽ ഏജൻസികളായ അൽ ഫവാസ്, വൺ വേൾഡ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ചാർേട്ടഡ് സർവിസ് നടത്തുന്നത്.
നാടണയാൻ പ്രയാസപ്പെടുന്ന 10 പേരുടെ യാത്രച്ചെലവ് വെൽഫെയർ ഫോറം സലാലയാണ് വഹിക്കുന്നത്. കുറഞ്ഞ വരുമാനക്കാരായ തൊഴിൽ നഷ്ടമായവർ, മാസങ്ങളായി ശമ്പളം ലഭിക്കാത്തവർ, രോഗികൾ, സ്ത്രീ തൊഴിലാളികൾ തുടങ്ങിയവരാണ് ഇവർ. അതോടൊപ്പം കൊച്ചിയിൽനിന്ന് സലാലയിലേക്ക് കുറഞ്ഞ വരുമാനക്കാരായ 10 പേർക്ക് സൗജന്യ നിരക്കിലും ടിക്കറ്റ് നൽകിയിട്ടുണ്ട്.
ചാർട്ടഡ് വിമാനത്തിനുള്ള എല്ലാ ഒരുക്കങ്ങളും വിലയിരുത്തിയതായി വെൽഫെയർ ഫോറം ജനസേവന വിഭാഗം കൺവീനർ സജീബ് ജലാൽ പറഞ്ഞു. യോഗത്തിൽ വർക്കിങ് പ്രസിഡൻറ് വഹീദ് ചേന്ദമംഗലൂർ, ജനറൽ സെക്രട്ടറി എ.കെ.വി. ഹലീം, കമ്മിറ്റിയംഗങ്ങളായ മൻസൂർ നിലമ്പൂർ, പി.ടി. ഷബീർ, മുസ്തഫ പൊന്നാനി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.