മസ്കത്ത്: ശൈത്യകാലത്തിന്റെ ഭാഗമായി സഞ്ചാരികൾ ഒമാനിലേക്ക് വന്ന് തുടങ്ങിയതോടെ ടൂറിസം മേഖലയിൽ പ്രതീക്ഷയുടെ തിരയിളക്കം. സീസൺ തുടങ്ങിയതോടെ ഏഷ്യക്കാര്‍ക്ക് പുറമെ യൂറോപ്യന്‍, അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നെല്ലാം വിനോദസഞ്ചാരികള്‍ സുല്ത്താനേറ്റിലെത്തുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.കോവിഡിന്റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ രണ്ടുവർഷമായി ടൂറിസം മേഖല ഉറങ്ങിക്കിടക്കുകയായിരുന്നു.
എന്നാൽ, ഇത്തവണ നിയന്ത്രണങ്ങളെല്ലാം എടുത്ത് കളഞ്ഞതോടെ പുത്തൻ ഉണർവാണ് ദൃശ്യമായിട്ടുള്ളത്. ഒമാനിലെത്തുന്ന വിനോദസഞ്ചാരികളുടെ മനംകവരുന്നതാണ് പരമ്പരാഗത മാർക്കറ്റുകളും കോട്ടകളും. സുൽത്താനേറ്റിന്റെ വാസ്തുവിദ്യ വിളിച്ചോതുന്ന കോട്ടകളും ഗോപുരങ്ങളുമെല്ലാം സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന ഘടകങ്ങളാണ്. ടൂറിസം മന്ത്രാലയം നടത്തുന്ന പ്രമോഷന്റെ ഭാഗമായി ഇതിനകം നിരവധി ക്രൂസ്കപ്പലുകളും സുൽത്താനേറ്റിന്റെ വിവിധ തീരങ്ങളിൽ എത്തിയത്. വിവിധ അതോറിറ്റികളുമായും ടൂറിസം കമ്പനികളുമായും ഷിപ്പിങ് ഏജന്റുമാരുമായും സഹകരിച്ചാണ് മന്ത്രാലയം പ്രമോഷനൽ കാമ്പയിൻ നടത്തുന്നത്.
ആഡംബര കപ്പലിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് അധികൃതരുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് നൽകുന്നത്. ദോഫാർ അടക്കമുള്ള വിവിധ ഗവർണറേറ്റിലെ പ്രധാനപ്പെട്ട പൈതൃക, വിനോദസഞ്ചാര, പുരാവസ്തു കേന്ദ്രങ്ങളും പാർക്കുകളിലും പരമ്പരാഗത മാർക്കറ്റുകളും വിനോദസഞ്ചാരികൾ സന്ദർശിക്കുകയും ചെയ്യുന്നുണ്ട്. പരമ്പരാഗത സൂഖുകളിലൊന്നായ മത്രയിലെത്തിയ സഞ്ചാരികൾ ആഭരണങ്ങളും സുഗന്ധദ്രവ്യങ്ങളും അറബി കുന്തിരിക്കവുമെല്ലാം വാങ്ങിയാണ് മടങ്ങുന്നത്. മലയാളികളടക്കമുള്ള മത്രയിലുള്ള വ്യാപാരികൾ പ്രതീക്ഷയോടെയാണ് ഈ സീസണിനെ കാണുന്നത്. തണുപ്പ് ആസ്വദിക്കാനായി സ്വദേശികളും വിദേശികളടക്കം നിരവധിപേരാണ് ജബൽ അഖ്ദറിലേക്ക് ഒഴുകുന്നത്. ജബല്‍ അല്‍ അഖ്ദറിലെ പുരാതന വസ്തുക്കളും ഭവനങ്ങളും വാസ്തുവിദ്യാ രീതികളും സഞ്ചാരികളുടെ മനം കവരുന്നതാണ്. മാതളനാരങ്ങ, മുന്തിരി, ആപ്രിക്കോട്ട്, റോസാപ്പൂവ് തുടങ്ങി നിരവധി കാർഷിക വിളകൾ ജബൽ അഖ്ദർ വിലായത്തിന്റെ വിവിധ ഇടങ്ങളിലായി കൃഷി ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.